ശക്തമായ സര്‍ക്കാരും ശക്തനായ പ്രധാനമന്ത്രിയുമായതിനാലാണ് പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിലേയ്ക്ക് നയിച്ചതെന്നാണ് ബിജെപി വാദം.

ദില്ലി: ജയ്ഷെ ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെ ചൊല്ലി ബിജെപിയും പ്രതിപക്ഷവും തമ്മിൽ രാഷ്ട്രീയ പോര്. മോദിയുടെ നേട്ടമായി ബിജെപി അവതരിപ്പിക്കുമ്പോള്‍ ബിജെപി സര്‍ക്കാരാണ് അസറിനെ നേരത്തെ മോചിപ്പിച്ചതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

ശക്തമായ സര്‍ക്കാരും ശക്തനായ പ്രധാനമന്ത്രിയുമായതിനാലാണ് പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിലേയ്ക്ക് നയിച്ചതെന്നാണ് ബിജെപി വാദം. ഇതൊരു തുടക്കം മാത്രമെന്ന് മോദി പ്രതികരിക്കുകയും ചെയ്തു. 

അതേ സമയം കാണ്ഡഹാര്‍ വിമാനം റാഞ്ചലിന് പിന്നാലെ മസൂദ് അസറിനെ ബി.ജെപി സര്‍ക്കാര്‍ സ്വതന്ത്രമാക്കിയ കാര്യം ഓര്‍മിപ്പിക്കുകയാണ് കോണ്‍ഗ്രസ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങിയത് 2009 ൽ യുപിഎ സര്‍ക്കാരാണെന്ന് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ് ഓര്‍മിപ്പിച്ചു. നേരത്തെ മസുദ് അസറിനെ അതിഥിയാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ബിജെപി ഇപ്പോള്‍ മസൂദ് അസറിന്റേ പേരിൽ വോട്ടു ചോദിക്കുന്നത് അപലപനീയമെന്നാണ് മായാവതിയുടെ പ്രതികരണം. 

പുൽവാമയ്ക്ക് ശേഷം ദേശ സുരക്ഷ മുഖ്യ പ്രചാരണ വിഷയമാക്കിയ ബിജെപിക്ക് അടുത്ത ഘട്ടങ്ങളിൽ ഇക്കാര്യം അവര്‍ത്തിക്കാൻ മസൂദ് അസറിനെ ആഗോള ഭീകരനാക്കിയ നടപടി സഹായകമാകും. കാണ്ഡഹാര്‍ ഓര്‍മിപ്പിച്ചാകും പ്രതിപക്ഷം ഇതിനെ നേരിടുക. ഉറിയും പുൽവാമയും മാവോയിസ്റ്റ് ആക്രമണങ്ങളും ചൂണ്ടിക്കാട്ടി മോദിയുടെ കയ്യിൽ രാജ്യം സുരക്ഷിതമല്ലെന്ന് സ്ഥാപിക്കാനും പ്രതിപക്ഷം ശ്രമിക്കുമെന്നാണ് വിലയിരുത്തല്‍.