കന്യാകുമാരിയിൽ കടയിൽ പാൻ മസാല വിറ്റതിന് പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് മരിച്ചത് കസ്റ്റഡി മർദനം കാരണമെന്ന് ആരോപണം. സംഭവത്തിൽ പൊലീസിനെതിരേയും ടിവികെ സർക്കാരിനെതിരേയും ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ പ്രതിഷേധവുമായി രം​ഗത്തെത്തി.

കന്യാകുമാരി/ചെന്നൈ: കന്യാകുമാരിയിൽ കടയിൽ പാൻ മസാല വിറ്റതിന് പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് മരിച്ചത് കസ്റ്റഡി മർദനം കാരണമെന്ന് ആരോപണം. സംഭവത്തിൽ ടിവികെ സർക്കാരിനെതിരേ ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. യുവാവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡിഎംകെ അറിയിച്ചു.

നാ​ഗർകോവിൽ സ്വദേശിയായ ശബരിവർമന്റെ(34) മരണത്തിലാണ് തമിഴ്നാട്ടിൽ പ്രതിഷേധമുയരുന്നത്. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിനാണ് ഭിന്നശേഷിക്കാരനായ ശബരിവർമനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയവെ ശബരിവർമൻ മരിക്കുകയായിരുന്നു. എന്നാൽ, പൊലീസ് കസ്റ്റഡിയിലും ജയിലിലും ശബരിവർമന് ക്രൂരമർദനമേറ്റെന്നാണ് കുടുംബത്തിന്റെ പരാതി. മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ റോഡ് ഉപരോധിച്ചു. മരണത്തിൽ ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം, പെട്ടെന്ന് ആരോഗ്യനില മോശമായി യുവാവ് മരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കന്യാകുമാരി പൊലീസ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

രണ്ടുനീതിയെന്ന് ഉദയനിധി സ്റ്റാലിൻ...

കന്യാകുമാരിയിലെ യുവാവിന്റെ മരണത്തിൽ ടിവികെ സർക്കാരിനെതിരേ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആഞ്ഞടിച്ചു. അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ ഭിന്നശേഷിക്കാരനായ ശബരിവർമന്റെ ആരോ​ഗ്യനിലയിൽ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ജയിലിൽ അടച്ചതിന് പിന്നാലെ യുവാവ് അസുഖബാധിതനായെന്നാണ് പൊലീസ് പറയുന്നത്. ഇത് വിശ്വസനീയമല്ല. മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റെന്നും പറയുന്നു. സംസ്ഥാന സർക്കാർ സുതാര്യമായ അന്വേഷണം നടത്തണം. ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.

പാൻമസാല വിറ്റെന്ന് പറഞ്ഞാണ് ശബരിവർമനെ പൊലീസ് അറസ്റ്റ്ചെയ്തത്. ഇതേദിവസം ഈറോഡിൽ ഒരു ടിവികെ നേതാവിനെയും പാൻമസാല വിൽപന നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ടിവികെ നേതാവിനെ ആൾജാമ്യത്തിൽ വിട്ടയച്ചു. പക്ഷേ, ശബരിവർമനെ ജയിലിൽ അടച്ചു. ഇത് പൊലീസിന്റെ ഇരട്ടനീതിയാണെന്നും ഉദയനിധി ആരോപിച്ചു.

സംഭവത്തിൽ ടിവികെ സർക്കാരിനെ കുറ്റപ്പെടുത്തി ഡിഎംകെ നേതാവ് ഐ. പരന്തമനും രം​ഗത്തെത്തി. കന്യാകുമാരിയിൽ ഈ സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി വിജയ് പേരമ്പൂരിലെ റേഷൻകടയിൽ അരി വിതരണംചെയ്ത് അതിന്റെ റീൽ ചിത്രീകരിക്കുന്ന തിരക്കിലാണ്. എല്ലാ ക്യാമറകളും തന്നിലേക്ക് ഫോക്കസ് ചെയ്യിപ്പിച്ച് യഥാർഥപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംഭവത്തിൽ പൊലീസുകാർക്കെതിരേ നടപടിയില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.