കൊടൈക്കനാലിന് സമീപം അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. 21-കാരൻ നന്ദകുമാറാണ് മരിച്ചത്.
ചെന്നൈ: കൊടൈക്കനാലിന് സമീപം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂന്നാം നാളാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശിയായ 21-കാരനായ നന്ദകുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു നന്ദകുമാർ. കോയമ്പത്തൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് 10 പേരടങ്ങിയ സംഘത്തിനൊപ്പമാണ് നന്ദകുമാർ എത്തിയത്. അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ നന്ദകുമാർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
കൊടൈക്കനാൽ-വിൽപ്പട്ടി റൂട്ടിലുള്ള അഞ്ചുവീട് വെള്ളച്ചാട്ടംഏറെ മനോഹരമാണ്. പക്ഷേ മഴക്കാലത്ത് ഇവിടം അപകടം നിറഞ്ഞ പ്രദേശമാണ്. ആ സമയത്ത് വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് അധികൃതർ നിർദേശം നൽകാറുണ്ട്. നന്ദകുമാർ ഉൾപ്പെടെ അഞ്ച് പേർ പാറക്കെട്ടുകൾക്കരികിലാണ് കുളിക്കാൻ ഇറങ്ങിയത്. മഴയ്ക്കൊപ്പം ശക്തമായ ഒഴുക്കിൽപ്പെട്ടാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു.
മോശം കാലാവസ്ഥയും വഴുക്കലും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാം തെരച്ചിലിൽ പങ്കാളികളായി. നന്ദകുമാറിന്‍റെ മൃതദേഹം കുളിക്കാനിറങ്ങിയ സ്ഥലത്തു നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ മൂന്നാം നാൾ ആണ് കണ്ടെത്തിയത്.


