കുറച്ചുദൂരം പിന്നിട്ടതോടെ ഡ്രൈവര്‍ സീറ്റിന്റെ അടിഭാഗത്ത് നിന്ന് തീയും പുകയും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപിടിച്ചു. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ കണ്ടിയില്‍ താഴെയാണ് അപകടമുണ്ടായത്. കോതങ്കോട്ട് പാറമ്മല്‍ സ്വദേശി അനിലാഷാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഡോര്‍ തുറന്ന് പുറത്തിറങ്ങിയതിനാല്‍ ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അനിലാഷ് വീട്ടില്‍ നിന്നും വാനില്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. കുറച്ചുദൂരം പിന്നിട്ടതോടെ ഡ്രൈവര്‍ സീറ്റിന്റെ അടിഭാഗത്ത് നിന്ന് തീയും പുകയും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

വാഹനത്തിന്റെ സീറ്റ് ഉള്‍പ്പെടെയുള്ള മുന്‍ഭാഗം കത്തിനശിച്ച നിലയിലാണ്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ സജിത്ത്, വിനീത്, സത്യനാഥന്‍, വിപിന്‍, രഗിനേഷ്, ഹൃദിന്‍, അശ്വിന്‍, അനീഷ് കുമാര്‍, രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.