തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയിൽനിന്ന് സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസിനും മുസ്ലീം ലീഗിനും പിന്നാലെ എംഡിഎംകെയും ഡിഎംകെ സഖ്യം ഉപേക്ഷിച്ചു. നീണ്ട ഒൻപത് വർഷത്തെ ബന്ധമാണ് എംഡിഎംകെ അവസാനിപ്പിച്ചത്. 

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടിയായി സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസിനും മുസ്ലീം ലീഗിനും പിന്നാലെ എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ടു. ഒൻപത് വർഷത്തെ ഡിഎംകെ സഖ്യം അവസാനിപ്പിച്ച എംഡിഎംകെ, ഭരണകക്ഷിയായ ടിവികെയ്ക്കൊപ്പം ചേരാനാണ് നീക്കം. ശനിയാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോ​ഗത്തിലാണ് ഡിഎംകെ സഖ്യം വിടാൻ എംഡിഎംകെ തീരുമാനിച്ചത്. എംഡിഎംകെയെ ദു‍ർബലപ്പെടുത്താൻ ശ്രമം നടന്നുവെന്നും സ‍ർക്കാർ രൂപീകരിക്കാൻ അണ്ണാ ഡിഎംകെയായി രഹസ്യ നീക്കം നടത്തിയെന്നും ആരോപിച്ചാണ് സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനറൽ കൗൺസിൽ യോ​ഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അഴിമതിരഹിത ഭരണം ഉറപ്പാക്കൽ, മേക്കേദാട്ടു അണക്കെട്ട് പദ്ധതി പോലുള്ള വിഷയങ്ങളിൽ തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് എംഡിഎംകെ പ്രമേയത്തിൽ ആവശ്യപ്പെട്ടു. അതേസമയം പ്രമേയത്തിൽ ടിവികെയിൽ ചേരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടെ, എംഡിഎംകെയുടെ ആകെയുള്ള രണ്ട് എംഎൽഎമാരും ജനറൽ കൗൺസിൽ യോ​ഗം ബഹിഷ്കരിച്ചു. ഇരുവരും ഡിഎംകെയ്ക്കൊപ്പം തുടർന്നേക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി വിജയ്‍‍യുടെ നേതൃത്വത്തിലുള്ള ടിവികെ സ‍ർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിനിടെ എംഡിഎംകെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത് അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. എംഡിഎംകെ അധ്യക്ഷൻ വൈക്കോയും മകൻ ദുരൈ വൈക്കോയും മുഖ്യമന്ത്രി വിജയ്‍‍യുമായും മുതിർന്ന ടിവികെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു എംഡിഎംകെയുടെ വിട്ടുനിൽക്കൽ.

എംഡിഎംകെയും സഖ്യം വിട്ടതോടെ ഇതുവരെ ഡിഎംകെയുമായുള്ള ബന്ധം അവസാനിപ്പിച്ച കക്ഷികളുടെ എണ്ണം നാലായി. നേരത്തെ, കോൺ​ഗ്രസ്, വിസികെ, മുസ്ലീം ലീ​ഗ് എന്നീ കക്ഷികൾ ഡിഎംകെ സഖ്യം വിടുകയും ടിവികെയ്ക്ക് ഒപ്പം ചേരുകയും ചെയ്തിരുന്നു. ടിവികെ സ‍ർക്കാരിൽ കോൺ​ഗ്രസിന് രണ്ട് മന്ത്രിസ്ഥാനവും വിസികെയ്ക്കും മുസ്ലീം ലീ​ഗിനും ഓരോ മന്ത്രിസ്ഥാനവും വീതം ലഭിച്ചു. സിപിഐയും സിപിഎമ്മും ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ട്.