മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്(എംഡിആർ) ഈടാക്കാനുള്ള തീരുമാനത്തിലാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും(ആർബിഐ) നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും(എൻപിസിഐ) വിശദീകരണം തേടിയത്. അതേസമയം, എംഡിആർ ഈടാക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി വിശദീകരണം തേടി. യുപിഐ ഇടപാടുകളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്(എംഡിആർ) ഈടാക്കാനുള്ള തീരുമാനത്തിലാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും(ആർബിഐ) നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും(എൻപിസിഐ) വിശദീകരണം തേടിയത്. അതേസമയം, എംഡിആർ ഈടാക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.
യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൻ്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോടും ആർബിഐയോടും എൻപിസിഐയോടും ചോദിച്ചത്. ഈ നിരക്കിൽനിന്ന് ആർക്കാണ് വരുമാനം ലഭിക്കുകയെന്നും ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും സുപ്രീംകോടതി ആരാഞ്ഞു. തുടർന്നാണ് എല്ലാവിവരങ്ങളും വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോടും ആർബിഐയോടും എൻപിസിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടത്. സത്യവാങ്മൂലം ലഭിച്ചശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്നും നിലവിൽ ഹർജിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എംഡിആർ ഈടാക്കുന്നതിന് സ്റ്റേ ഏർപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് എംഡിആർ ഈടാക്കുമെന്ന് സെപ്റ്റംബർ 15-നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഈ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ അഞ്ജൻ ദത്ത സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. നിയമപരമായ ചട്ടക്കൂടുകളില്ലാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.


