Asianet News MalayalamAsianet News Malayalam

മുനമ്പം മനുഷ്യക്കടത്ത്: വിദേശ രാജ്യങ്ങൾക്ക് കത്തയച്ചിട്ടും ഫലമുണ്ടായില്ലെന്ന് കേന്ദ്ര സർക്കാർ

ജനുവരി 12 നാണ് 243 പേരുമായി ദേവ മാതാ 2 എന്ന ബോട്ട് മുനമ്പത്ത് നിന്നും യാത്ര പുറപ്പെട്ടത്. ഇതിൽ 80 ഓളം പേർ കുട്ടികളാണെന്നാണ് വിവരം

MEA informs several nations on missing ship, no results so far
Author
Munambam, First Published Jun 21, 2019, 10:02 AM IST

ദില്ലി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്, യാത്രക്കാരെയും ബോട്ടും കണ്ടെത്താൻ കേന്ദ്ര സർക്കാർ വിദേശ രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചില്ല. ബോട്ടിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം എന്നാവശ്യപ്പെട്ട് പസഫിക് സമുദ്രങ്ങളിലെ രാജ്യങ്ങൾക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തയച്ചത്.

ജനുവരി 12 നാണ് 243 പേരുമായി ദേവ മാതാ 2 എന്ന ബോട്ട് മുനമ്പത്ത് നിന്നും യാത്ര പുറപ്പെട്ടത്. ഇതിൽ 80 ഓളം പേർ കുട്ടികളാണെന്നാണ് വിവരം. മുനമ്പത്ത് നിന്ന് പോയ ബോട്ട് പസഫിക് സമുദ്രത്തിലൂടെ കടന്നുപോകുന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ഈ ബോട്ടിനെ കുറിച്ച് യാതൊരു വിവരവും ഇന്ത്യൻ ഏജൻസികൾക്ക് കണ്ടെത്താൻ സാധിച്ചില്ല.

കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച്, തമിഴ്‌നാട് പൊലീസ് ക്യു ബ്രാഞ്ച്, രഹസ്യാന്വേഷണ വിഭാഗം, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയ ഏജൻസികളെല്ലാം അന്വേഷിച്ചിരുന്നു. ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഇന്തോനേഷ്യ, മലേഷ്യ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ഇവർ എത്തിയിട്ടുണ്ടാകാമെന്ന് സംശയം ഉയർന്നിരുന്നു. ഇത് സ്ഥിരീകരിക്കാൻ സാധിച്ചില്ല.

പസഫിക് സമുദ്രത്തിലെ നിരവധി രാജ്യങ്ങൾക്ക് ബോട്ടിനെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോയെന്ന് അന്വേഷിച്ച് കത്തയച്ചെങ്കിലും, ഒരിടത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. കാണാതായവരുടെ കുടുംബങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് സംയുക്ത പ്രസ്താവന അയച്ചിരുന്നുവെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios