മുബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഉച്ചഭക്ഷണ പദ്ധതിയായ 'ശിവ്ഭോജന്‍' താലി വന്‍വിജയം. 10 രൂപയ്ക്കാണ് ഈ പദ്ധതിയിലൂടെ ഉച്ചഭക്ഷണം നല്‍കുന്നത്. ജനുവരി 26ന് ആരംഭിച്ച പദ്ധതി 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 139 കേന്ദ്രങ്ങളിലായി  രണ്ടുലക്ഷത്തിലേറെ ആളുകള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

ജില്ലാ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിങ്ങനെ സാധാരണക്കാരായ ആളുകള്‍ എത്തുന്ന സ്ഥലങ്ങളിലാണ് ശിവ് ഭോജന്‍ താലി ഭക്ഷണകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ചോറ്, പരിപ്പുകറി, പച്ചക്കറി വിഭവങ്ങള്‍, പായസം എന്നിവ ഉള്‍പ്പെടുന്നതാണ് താലി. 

ശിവസേന സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളിലൊന്നാണ് ശിവ് ഭോജന്‍ താലി. ഈ പദ്ധതിയിലൂടെ 2,33,738 ഇതുവരെ ഭക്ഷണം നല്‍കാനായി. ഏകദേശം 13,750 പേര്‍ക്ക് ദിവസേന ഉച്ചഭക്ഷണം നല്‍കി വരുന്നു. ഭക്ഷണത്തിന്‍റെ ഗുണനിലവാരവും ഭക്ഷണവിതരണ കേന്ദ്രത്തിലെ ശുചിത്വവും ഉറപ്പാക്കാനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരിട്ടാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതിയുടെ ആദ്യ ദിവസങ്ങളില്‍ ഉദ്ധവ് താക്കറെ ഉപഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചിരുന്നു.