ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഗവണ്‍മെന്‍റ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. പടിഞ്ഞാറന്‍ യുപിയിലെ ഷംലിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ധീമാന്‍പുരയ്ക്കടുത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അമിത് ശര്‍മയെയാണ് റെയില്‍വേ പൊലീസ്  മര്‍ദിച്ചത്. യൂണിഫോമിലല്ലാതെ എത്തിയ പൊലീസുകാര്‍ അകാരണമായി തന്നെ മര്‍ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു. തന്നെ നഗ്നനാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. റെയില്‍വേ പൊലീസ് എസ്എച്ച്ഒ രാകേഷ് കുമാര്‍, മറ്റൊരു കോണ്‍സ്റ്റബിള്‍ എന്നിവരെ സസ്പെന്‍റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തന്നെ മര്‍ദിക്കുമ്പോള്‍ എല്ലാ പൊലീസുകാരും സ്റ്റേഷനിലുണ്ടായിരുന്നു. എന്നാല്‍, രണ്ട് പേര്‍ക്ക് മാത്രമാണ് സസ്പെന്‍ഷന്‍ ലഭിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചു. സംഭവസ്ഥലത്തുനിന്ന് തന്നെ വലിച്ചിഴച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പുലരും വരെ സ്റ്റേഷനിലും മര്‍ദനം തുടര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മാധ്യമപ്രവര്‍ത്തകനെ മോചിപ്പിച്ചത്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനെ ജയിലിലടച്ച സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവം പുറത്തുവരുന്നത്. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.