ദില്ലി: അയോധ്യ രാം ജന്മഭൂമി - ബാബ്‍രി മസ്‍ജിദ് ത‍ർക്കം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാനായില്ല. ഇടനിലക്കാരെ വച്ച് പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സ്ഥിതിയ്ക്ക് ദിവസം തോറും കേസിൽ വാദം കേട്ട്, പരമാവധി വേഗത്തിൽ വിധിപ്രസ്താവം നടത്താൻ സുപ്രീംകോടതി തീരുമാനിച്ചു. ഇതനുസരിച്ച് ഓഗസ്റ്റ് 6-ന് കേസിൽ തുടർച്ചയായ വാദം തുടങ്ങും. 

നവംബർ 17-നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുമ്പ് തന്നെ കേസിൽ വാദം കേട്ട് വിധി പറയാനാകും ഭരണഘടനാ ബഞ്ച് ശ്രമിക്കുക. 14 ഹർജികളാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. എല്ലാ കക്ഷികളുടെയും വാദങ്ങൾ കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും പഴക്കമേറിയ കേസുകളിലൊന്നാണ് ഈ വർഷം അവസാനത്തോടെ തീർപ്പാക്കാൻ സുപ്രീംകോടതി തീരുമാനിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ ഈ കേസിലെ വാദപ്രതിവാങ്ങളും അന്തിമ വിധിയും വലിയ ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്. 

മധ്യസ്ഥ ചർച്ച പരാജയം

മധ്യസ്ഥ ചർച്ചയിൽ സമവായം കൊണ്ടുവരാനായില്ലെന്ന് മൂന്നംഗ മധ്യസ്ഥ സമിതി സുപ്രീംകോടതിയെ അറിയിച്ചു. വിരമിച്ച ജഡ്‍ജി എഫ് എം ഐ ഖലീഫുള്ള, ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ ചർച്ചാ സമിതിയിലുണ്ടായിരുന്നത്. ''കഴിവിന്‍റെ പരമാവധി സമവായത്തിന് ശ്രമിച്ചെന്നും'' എന്നാൽ ഫലമുണ്ടായില്ലെന്നും മധ്യസ്ഥ സമിതി അറിയിച്ചതായാണ് സൂചന.

ഈ വർഷം ജനുവരിയിലാണ് അയോധ്യയിൽ പ്രശ്നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളെയും വിളിച്ചിരുത്തി ചർച്ചകൾ നടത്തിയില്ലെന്ന ആരോപണം വരാതിരിക്കാനാണ് ഈ നടപടിയെന്ന് ചീഫ് ജസ്റ്റിസ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

ജൂലൈ 11-ന് കേസിലെ മധ്യസ്ഥ ചർച്ചകൾ എവിടെ വരെയെത്തിയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ആഗസ്റ്റ് 1-നുള്ളിൽ മധ്യസ്ഥ സമിതിയോട് റിപ്പോർട്ട് നൽകാനും അന്ന് സുപ്രീംകോടതി നിർദേശിച്ചു. എന്നാൽ മധ്യസ്ഥ ചർച്ച ഫലപ്രദമായില്ല എന്നതിനാൽ തുടർച്ചയായി വാദം കേൾക്കാൻ തുടങ്ങാൻ സുപ്രീംകോടതി തീരുമാനിച്ചു. അതേസമയം, മധ്യസ്ഥ ചർച്ച തുടരണമെന്ന് ഹർജിക്കാരിൽ ചിലർ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-നുള്ളിൽ മധ്യസ്ഥ ചർച്ച തുടരുന്നുണ്ടോ ഇല്ലയോ എന്ന കാര്യം അറിയിക്കാൻ സുപ്രീംകോടതി മധ്യസ്ഥ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

യഥാർത്ഥ ഹർജിക്കാരിൽ ഒരാളുടെ പേരക്കുട്ടികളിൽ ഒരാളായ ഗോപാൽ സിംഗ് വിശാരദ്, മധ്യസ്ഥ ചർച്ച ഇനി വേണ്ടെന്ന നിലപാടിലാണ്. ചർച്ച കൊണ്ട് പ്രയോജനമില്ലെന്നും ഗോപാൽ സിംഗ് വിശാരദ് കോടതിയെ അറിയിച്ചു. 

നേരത്തെ വാജ് പേയ് സര്‍ക്കാരിന്‍റെ കാലത്ത് കോടതിക്ക് പുറത്ത് അയോധ്യക്കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. എന്നാല്‍ കക്ഷകളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകള്‍ തര്‍ക്കത്തിലേക്ക് വഴി മാറുകയും ചെയ്തതോടെ ആ നീക്കം വാജ്പേയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. 

എന്താണ് അയോധ്യ കേസ്?

അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അയോദ്ധ്യയിലെ 2.27ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നൽകണം എന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതി വിധി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരാണ് അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ചിലെ അംഗങ്ങൾ.