വാഗാ അതിർത്തി: വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കൈമാറാനുള്ള നടപടിക്രമങ്ങൾ നീളുന്നു. അഭിനന്ദനെ എപ്പോൾ ഇന്ത്യക്ക് കൈമാറുമെന്നതിൽ വ്യക്തതയില്ല. വ്യോമസേനയിലെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉന്നതർ വാഗയിലെത്തിയിട്ടുണ്ട്. അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരും എയർ വൈസ് മാർഷൽമാരായ ആർജികെ കപൂറും പ്രഭാകരനുമാണ് എത്തിയിട്ടുള്ളത്.

വൈകിട്ട് ആറ് മണിയോടെ അഭിനന്ദൻ പുറത്തേയ്ക്ക് വരുമെന്നായിരുന്നു സൂചന. എന്നാൽ അഭിനന്ദനെ കൈമാറുന്ന സമയം പാകിസ്ഥാൻ രണ്ട് തവണ മാറ്റിയതായി വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

എന്നാൽ അഭിനന്ദൻ ഇപ്പോൾ വാഗാ അതിർത്തിയിലെ കസ്റ്റംസ് ഓഫീസിലാണോ ലാഹോറിലാണോ ഉള്ളതെന്ന് വ്യക്തമായിട്ടില്ല. അഭിനന്ദൻ ഇപ്പോഴും ലാഹോറിലാണുള്ളതെന്ന് ദ് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റോയിറ്റേഴ്സ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഇന്ത്യൻ, പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് അഭിനന്ദനെ വാഗയിൽ എത്തിച്ചതായും വ്യക്തമാക്കുന്നു.

മറ്റൊരു രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന യുദ്ധത്തടവുകാരനായതിനാൽ റെഡ് ക്രോസിന്‍റെ പ്രത്യേക സംഘം അഭിനന്ദനെ പരിശോധിച്ചിരുന്നു. പാകിസ്ഥാനിൽ പെട്ട അഭിനന്ദനെ നാട്ടുകാർ മർദ്ദിച്ചിരുന്നു. ഇതുൾപ്പടെ അഭിനന്ദന്‍റെ മുഖത്തും തോളിലും പരിക്കേറ്റിരുന്നു. 

ദേശീയപതാകയുമേന്തി വൻ ജനാവലിയാണ് അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ കാത്തു നിൽക്കുന്നത്. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും അതിർത്തിയിൽ കാത്തു നിൽക്കുകയാണ്. വൈകിട്ട് 5.20-ഓടെ അഭിനന്ദനെ ഔദ്യോഗികമായി കൈമാറിയെന്ന് വിവരം പുറത്തുവന്നതോടെ ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും ജനക്കൂട്ടം ആഹ്ളാദത്തിലായിരുന്നു. രാജ്യമെമ്പാടും ആഘോഷങ്ങളും തുടങ്ങി.

വാഗാ അതിർത്തിയിൽ നിന്ന് തത്സമയം:

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തിയ ശേഷം കൈമാറാമെന്നായിരുന്നു ആദ്യം പാകിസ്ഥാൻ നിലപാട്. സമാധാന സന്ദേശത്തിന്‍റെ ഭാഗമായി കൂടിയാണ് അഭിനന്ദനെ കൈമാറുന്നതെന്ന സന്ദേശം ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. വാഗാ അതിര്‍ത്തിയിൽ എല്ലാ ദിവസവും ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് സാധാരണ പതാക താഴ്ത്തൽ ചടങ്ങ് നടത്താറുള്ളത്. 

എന്നാൽ ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടെടുത്ത ഇന്ത്യ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പതാക താഴ്ത്തൽ ചടങ്ങ് തന്നെ ഇന്ത്യ ഉപേക്ഷിച്ചു. അഭിനന്ദിനെ വിട്ട് നൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ച ശേഷവും പ്രകോപനമുണ്ടായാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. 

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയും സൗദി അറേബ്യയും അടക്കം ലോക രാജ്യങ്ങൾ എടുത്ത നിലപാടും ഇന്ത്യക്ക് സഹായകമായി. 

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വാഗാ അതിര്‍ത്തിയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിര്‍മ്മലാ സീതാരാമൻ ജമ്മുകശ്മീരിലായത് കൊണ്ട് വാഗയിലെത്താനായില്ല. ഇത്തരമൊരു കൈമാറ്റ ചടങ്ങിൽ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ട് നിൽക്കുന്നതാണ് നല്ലതെന്ന ധാരണയെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി സ്വീകരണ ചടങ്ങിൽ നിന്ന് വിട്ടു നിന്നത്.