ഒമിക്രോണ്‍ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും

ദില്ലി: കൗമാരക്കാരിലെ വാക്സിനേഷനും (teenagers vaccination)കരുതൽ ഡോസ് വിതരണവും )booster dose)ചർച്ച ചെയ്യാൻ ഇന്ന് ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും.ചീഫ് സെക്രട്ടറിമാരും മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുക്കും. അതേ സമയം രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം അറന്നൂറിനോട് അടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചു. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക നിർദേശം നൽകി.

ഒമിക്രോണ്‍ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന കമ്മീഷന്‍, ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തും. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനത്തിന്‍റെയും, വാക്സിനേഷന്‍റെയും വിവരങ്ങള്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ഇന്നലെ കമ്മീഷന് കൈമാറിയിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെയും, രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടി നിലപാട് തേടിയ ശേഷമാകും തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 30ന് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയക്കുന്നത് പരിശോധിച്ച് കൂടേയെന്ന് അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ചോദിച്ചിരുന്നു. 

ബെംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും. പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.