മോദി തരംഗം തടയാനാണ് മുഖ്യമന്ത്രി കോൻറാഡ് സാംഗ്മയുടെ നീക്കം എന്ന്  ബിജെപി.കഴിഞ്ഞതവണ സഖ്യമായി ഭരിച്ച എൻ പി പിയും ബിജെപി യും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്

ഗാംങ്ടോക്:പ്രധാനമന്ത്രിയുടെ റാലി നടത്താൻ സ്റ്റേഡിയം അനുവദിക്കാതെ മേഘാലയ സർക്കാർ. തെരഞ്ഞെടുപ്പിൽ ബിജെപി തരംഗമുണ്ടാകുമെന്ന ഭയം കൊണ്ടാണ് എൻപിപി അനുമതി നിഷേധിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സഖ്യകക്ഷികളായിരുന്ന ബിജെപിയും എൻപിപിയും തമ്മിൽ തർക്കം രൂക്ഷമായതോടെ ഇ്ക്കുറി ഒറ്റക്ക് മത്സരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലി വെള്ളിയാഴ്ച്ച തുറയിലെ സ്റ്റേഡയത്തിൽ വച്ച് നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ മേഘാലയ കായിക വകുപ്പ് സ്റ്റേഡിയത്തിൽ റാലി നടത്താനുള്ള അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

എന്നാൽ മേഘാലയയിൽ ബിജെപിക്ക് ലഭിക്കുന്ന പിന്തുണ തടയാനാണ് എൻപിപി അനുമതി നിഷേധിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാനത്തെ മോദി തരംഗം കണ്ട് എൻപിപിയും ടിഎംസിയും പേടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹ പറഞ്ഞു. തുറയിലെ റാലിക്ക് പിന്നാലെ പ്രധാനമന്ത്രി ഷില്ലോങ്ങിൽ റോഡ്ഷോയും നടത്തും. 2018ൽ 20 സീറ്റ് നേടിയ എൻപിപി രണ്ട് സീറ്റ് നേടിയ ബിജെപി ഉൾപ്പടെ മൂന്ന് പാർട്ടികളുമായി ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ ഇരുപാർട്ടികളും തമ്മിൽ ഭരണത്തിലിരിക്കെ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലും അറുപത് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ എൻപിപിയും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്ന കാഴ്ച്ചയാണ് കാണുന്നത്. സ്റ്റേഡിയത്തിൽ റാലിക്കd അനുമതി നിഷേധിച്ചതും ഇതിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്തുന്നില്ലെന്ന വിമർശനം തള്ളി മേഘാലയയിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിൻസന്റ് പാല. രാഹുൽഗാന്ധി മേഘാലയയിൽ പ്രചാരണത്തിന് എത്തുമെന്നും, സംസ്ഥാനത്ത് കോൺഗ്രസ് 33 സീറ്റ് നേടി സർക്കാർ രൂപീകരിക്കുമെന്നും വിൻസന്‍റ് പാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.