വിവാഹച്ചടങ്ങുകള്‍ക്കായി പുറപ്പെട്ട ദളിത് യുവാവിനും സംഘത്തിനും തടസ്സം സൃഷ്ടിച്ച് പാട്ടീദാര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ റോഡില്‍ ഭജനയും യജ്ഞവും നടത്തുകയായിരുന്നു.
ഗാന്ധിനഗര്‍: ദളിത് യുവാവിന്റെ വിവാഹം മുടക്കാന്‍ പാട്ടീദാര്‍ സമുദായത്തിന്റെ വക നടുറോഡില്‍ യജ്ഞവും കല്ലേറും. വിവരമറിഞ്ഞെത്തിയ പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒടുവില്‍ പൊലീസ് ലാത്തി പ്രയോഗിച്ചു. വരന് സമയത്തിനെത്താന്‍ കഴിയാഞ്ഞതിനാല്‍ വിവാഹം അടുത്ത ദിവസത്തേക്ക് മാറ്റിവയ്‌ക്കേണ്ടതായും വന്നു.
ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ ഖാമ്പിയാസര്‍ ഗ്രാമത്തില്‍ ഞായറാഴ്‌ച്ച വൈകുന്നേരമാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ക്കായി പുറപ്പെട്ട ദളിത് യുവാവിനും സംഘത്തിനും തടസ്സം സൃഷ്ടിച്ച് പാട്ടീദാര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ റോഡില്‍ ഭജനയും യജ്ഞവും നടത്തുകയായിരുന്നു. വിവാഹസംഘത്തിലുള്ളവര്‍ ഇത് ചോദ്യം ചെയ്‌തതോടെ കയ്യേറ്റവും കല്ലേറും തുടങ്ങി. ഇരുപക്ഷത്തുമുള്ളവര്‍ പരസ്‌പരം കല്ലെറിഞ്ഞു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാര്‍ക്ക് നേരെയും അതിക്രമമുണ്ടായി. ഒടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നേരത്തെ തന്നെ തങ്ങള്‍ പൊലീസ് സംരക്ഷണം ആവശപ്പെട്ടെങ്കിലും അനുകൂല നിലപാടെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്ന് വരന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പൊലീസ് സംരക്ഷണം ലഭിച്ചിരുന്നെങ്കില്‍ വിവാഹം സമയത്തിന് നടക്കുമായിരുന്നു.ഇന്ന് വൈകുന്നേരത്തേക്കാണ് വിവാഹം മാറ്റിവച്ചത്. പൊലീസ് അകമ്പടിയില്‍ തന്നെ വിവാഹവേദിയിലേക്ക് പോകാനാണ് ഇപ്പോഴത്തെ തീരുമാനം. വിവാഹസംഘത്തിന് പൂര്‍ണസുരക്ഷ നല്‍കുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.
