ബെംഗളൂരു: അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച്  കസ്റ്റഡിയിലെടുത്ത യുവാക്കളെ പൊലീസ് സ്റ്റേഷനിൽ ദേശീയ ഗാനം ആലപിപ്പിച്ച്  ബെംഗളൂരു പൊലീസ്. മാറത്തഹള്ളി പൊലീസ് ആണ് ബംഗ്ലാദേശികളെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 4 പേരെ ദേശീയ ഗാനം പാടിപ്പിച്ചത്. ദേശീയ ഗാനം പാടാൻ അറിയാത്തവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായി കണക്കാക്കുകയായിരുന്നു. അജ്ജുൽ മൊണ്ടൽ (32), തനേജ് (28), സാഹെബ് (30) എന്നിവരെയും സാഹെബിന്റെ പ്രായപൂർത്തിയാവാത്ത മകനെയുമാണ് മാറത്തഹള്ളി പൊലീസ് അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് കഴിഞ്ഞ ദിവസം പിടികൂടിയത്.

ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷക സംഘം കുടിയേറ്റക്കാരെന്നാരോപിച്ചവരുടെ പക്ഷത്ത് നിലകൊണ്ടു. നിരക്ഷരരായതിനാൽ ദേശീയ ഗാനം പാടാൻ അറിയണമെന്നില്ലെന്നു പൊലീസുകാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അഭിഭാഷകരുടെ വാദങ്ങൾ തള്ളുകയായിരുന്നു. നിരക്ഷരരായവർക്ക് ഒപ്പുവയ്ക്കാൻ എങ്ങനെയറിയാം എന്നായിരുന്നു പൊലീസിന്റെ ചോദ്യമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആൾട്ടർനേറ്റീവ് ലോ ഫോറത്തിൽ (എഎൽഎഫ്) നിന്നുള്ള അഭിഭാഷകരായ അക്മൽ ഷെരീഫ് ,ബസവഗൗഡ എന്നിവരാണ് പൊലീസിന്റെ ചോദ്യം ചെയ്യലിനെതിരെ പരാതി ലഭിച്ചതിനാൽ സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് മാറത്തഹള്ളിയ്ക്ക് സമീപമുള്ള മുന്നക്കോലാലയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ്ന്റെ വാദമെങ്കിലും തങ്ങൾ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നുള്ളവരാണെന്നും വോട്ടർ ഐഡി, ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയിൽ രേഖകൾ പൊലീസിനു സമർപ്പിച്ചിട്ടുണ്ടെന്നുമാണ് ഇവർ പറയുന്നത്. പക്ഷേ ഇവ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും യുവാക്കള്‍ ആരോപിക്കുന്നു.

Read More: പൗരത്വ നിയമഭേദഗതിക്ക് ഇപ്പോൾ സ്റ്റേയില്ലെന്ന് സുപ്രീംകോടതി, വിപുല ബഞ്ചിന് വിട്ടേക്കും

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ കുടിലുകെട്ടി താമസിക്കുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് നഗരത്തിലെ മുന്നെക്കോലാല, കുന്ദലഹള്ളി തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിനു കുടിലുകൾ ബെംഗളൂരു കോർപ്പറേഷൻ പൊലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റുകയും ഒട്ടേറെ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.