Asianet News MalayalamAsianet News Malayalam

ഓക്സിജന്‍ ലെവല്‍ കൂട്ടാന്‍ ആശ്രയം മരച്ചുവട്; ഓപ്പണ്‍ എയര്‍ കൊവിഡ് ചികിത്സയുമായി ഉത്തര്‍പ്രദേശിലെ ഈ ഗ്രാമം

ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കള്‍ ഇല്ലാതെ വന്നതോടെയാണ് ചികിത്സ മരത്തിന് ചുവട്ടിലേക്ക് മാറിയത്. സ്വകാര്യ ക്ലിനിക്കുകളിലേക്ക് ചികിത്സയ്ക്കായി പോകാനുള്ള പണം കയ്യിലില്ലെന്ന് നാട്ടുകാരും വിശദമാക്കുന്നു. ഓക്സിജന്‍ ദൌര്‍ലഭ്യം മരത്തിന് കീഴിലുള്ള ഓപ്പണ്‍ എയര്‍ ചികിത്സ മൂലം മാറുമെന്നാണ് സമാന്തര ചികിത്സാ രംഗത്തുള്ളവര്‍ രോഗികളോട് പറയുന്നത്. 

Mewla Gopalgarh in Uttar Pradesh takes to open air Covid care under tree
Author
Mewla Gopalgarh, First Published May 18, 2021, 12:09 PM IST

മരത്തില്‍ തൂക്കിയിട്ട ഗ്ലൂക്കോസ് ട്രിപ്പുകള്‍, നിലത്ത് കിടക്കുന്ന ഒഴിഞ്ഞ സിറിഞ്ചുകള്‍, മരത്തിന് താഴെയായി നിരത്തിയിട്ടിരിക്കുന്ന കിടക്കകള്‍, ഇതിനിടയിലൂടെ പുല്ല് തിന്ന് നടക്കുന്ന പശുക്കളും. ദില്ലിയില്‍ നിന്ന് 90 മിനിറ്റ് ദൂരം അകലെയുള്ള ഉത്തര്‍പ്രദേശിലെ മേവ്ല ഗോപാല്‍ഗറിലെ കൊവിഡ് ചികിത്സയെക്കുറിച്ചാണ് ഈ വിവരണം. ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കള്‍ ഇല്ലാതെ വന്നതോടെയാണ് ചികിത്സ മരത്തിന് ചുവട്ടിലേക്ക് മാറിയത്. സ്വകാര്യ ക്ലിനിക്കുകളിലേക്ക് ചികിത്സയ്ക്കായി പോകാനുള്ള പണം കയ്യിലില്ലെന്ന് നാട്ടുകാരും വിശദമാക്കുന്നു.

ഓക്സിജന്‍ ദൌര്‍ലഭ്യം മരത്തിന് കീഴിലുള്ള ഓപ്പണ്‍ എയര്‍ ചികിത്സ മൂലം മാറുമെന്നാണ് സമാന്തര ചികിത്സാ രംഗത്തുള്ളവര്‍ രോഗികളോട് പറയുന്നത്. ഡോക്ടര്‍ പോലുമില്ലാതെയാണ് കൊവിഡ് രോഗികളെ ഇത്തരത്തില്‍ ഓപ്പണ്‍ എയര്‍ ചികിത്സ നല്‍കുന്നത്. കൊവിഡ് ലക്ഷണങ്ങളുമായി ഇവിടെയെത്തുന്നവര്‍ക്ക് ഗ്ലുക്കോസും മറ്റ് ചില മരുന്നുമാണ് ഇവിടെ നല്‍കുന്നത്. വേപ്പുമരത്തിന് കീഴിലുള്ള ചികിത്സ രോഗം ഭേദമാക്കുമെന്ന വിശ്വാസത്തിലാണ് രോഗികളുമുള്ളത്. മരത്തിന് കീഴിലുള്ള കിടപ്പ് ഓക്സിജന്‍ ലെവല്‍ ഉയര്‍ത്താന്‍ സഹായ്ക്കുമെന്നും രോഗികള്‍ വിശ്വസിക്കുന്നു.

ആളുകള്‍ക്ക് ശ്വാസം കിട്ടാതെ ആവുമ്പോള്‍ മരത്തിന് അടിയിലേക്ക് കിടപ്പുമാറ്റുമെന്നാണ് സഞ്ജയ് സിംഗ് എന്നയാള്‍ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്. പനി ബാധിച്ച് 74കാരനായ പിതാവ് മരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി. പിതാവിന് കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. ആളുകള്‍ മരിക്കുന്നത് ഇവിടെ ആരും തങ്ങളെ ചികിത്സിക്കാനില്ലാത്തതിനാലാണെന്നും സഞ്ജയ് സിംഗ് പറയുന്നു. കൊവിഡ് രണ്ടാം തരംഗം വളരെ രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. ഉത്തര്‍ പ്രദേശിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കൊവിഡ് ചികിത്സാ സംവിധാനത്തിന് അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഈ സംഭവം പുറത്ത് വരുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios