ലഖ്നൗ: രാജ്യത്ത് കുടിയേറ്റ തൊഴിലാളികളില്‍ ചിലര്‍ കള്ളന്മാരെയും കവര്‍ച്ചക്കാരെയും പോലെയാണ് പെരുമാറുന്നതെന്ന് യുപി മന്ത്രി ഉദയ് ഭാന്‍ സിങ്. ഗവണ്‍മെന്‍റിന്‍റെ നിര്‍ദേശം പാലിക്കാതെ രാജ്യത്തുടനീളം കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് യാത്രതിരിച്ചിരിക്കുകയാണ്. ഇവരില്‍ ചിലര്‍ കള്ളന്‍മാരെയും ആയുധമേന്തിയ കവര്‍ച്ചക്കാരെയും പോലെയാണ് പെരുമാറുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കെവിഡിന്‍റെ വ്യാപനം തടയുന്നതിനായാണ്.  

ഈ സാഹചര്യത്തിലും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചതാണ്. ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി ഭക്ഷണവും അവശ്യസംവിധാനങ്ങളും ഒരുക്കിയിരുന്നു. അവരോട് എവിടെയാണോ ഉള്ളത് അവിടെ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവരില്‍ ചിലര്‍ അത് അനുസരിച്ചപ്പോള്‍ മറ്റു ചിലര്‍ കൃഷിയിടങ്ങളിലൂടെയും മറ്റും  കവര്‍ച്ചക്കാരെപ്പോലെ നടന്നുകൊണ്ടിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ 24 കുടിയേറ്റത്തൊഴിലാളികള്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കുടിയേറ്റത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്കുകള്‍ അപകടത്തില്‍ പെടുകയായിരുന്നു.  അമ്പത് കുടിയേറ്റ തൊഴിലാളികളുമായി രാജസ്ഥാനില്‍ നിന്നെത്തിയ ട്രക്കായിരുന്നു അപകടത്തില്‍ പെട്ടത്.