ലക്നൌ: പ്രത്യേക ട്രെയിനുകളില്‍ മടങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് അമിത തുക ടിക്കറ്റിന് ഈടാക്കിയെന്ന് ആരോപണം. റെയില്‍വേ ടിക്കറ്റില്‍ ചുമത്തിയ തുകയേക്കാള്‍ കൂടുതല്‍ പണം വാങ്ങിയെന്നാണ് ആരോപണം. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്താനായി അമിത തുക ഈടാക്കിയെന്നാണ് ആരോപണം. ടിക്കറ്റ് തുകയായ 630 രൂപയ്ക്ക് പകപം കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ഈടാക്കിയത് 800 രൂപയെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച എത്തിയ തൊഴിലാളികളുടേതാണ് പരാതി. 

ഭക്ഷണത്തിന് കൂടിയാണ് ഈ തുകയെന്നായിരുന്നു തൊഴിലാളികളെ അറിയിച്ചിരുന്നത്. എന്നാല്‍ യാത്രയില്‍ ചോറ് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് കുടിയേറ്റ തൊഴിലാളികളുടെ പരാതിയെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൌണ്‍ സമയത്ത് പ്രത്യേക ട്രെയിനുകളില്‍ തൊഴിലാളികളെ കൊണ്ടുപോവുന്നതിന് അവരില്‍ നിന്ന്  പണം ഈടാക്കുന്നില്ലെന്നും ചെറിയൊരു തുക സംസ്ഥാന സര്‍ക്കാരിന് ബില്‍ നല്‍കുകയാണെന്നും ടിക്കറ്റ് ചാര്‍ജ് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച്  നേരത്തെ റെയില്‍വേ അറിയിച്ചിരുന്നു. ടിക്കറ്റ് തുക നേരെത്തെ അടച്ചിരുന്നുവെന്നും എന്നാല്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക് ബസുകളില്‍ കൊണ്ടുപോകുമ്പോളാണ് ടിക്കറ്റ് നല്‍കിയത്. 

ഈ സമയത്ത് അവര്‍ കൂടുതല്‍ പണം വാങ്ങിയെന്നുമാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. വിവരങ്ങള്‍ അപേക്ഷ ഫോമുകളില്‍ നല്‍കുമ്പോള്‍ കൂടുതല്‍ തുക ടിക്കറ്റ് ചാര്‍ജ്ജായി ആവശ്യപ്പെട്ടുവെന്നും പണം നല്‍കാന്‍ തയ്യാറാകാത്തവരോട് ക്യൂവില്‍ നിന്ന് മാറി നില്‍ക്കാനും ആവശ്യപ്പെട്ടുവെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു. തത്കാല്‍ ടിക്കറ്റാണ് നല്‍കുന്നത് അതിനാല്‍ കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മറ്റ് ചിലരുടെ പരാതി. പ്രത്യേക ട്രെയിനുകളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് തുക ഈടാക്കിയതിന് രാജ്യ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.