ദില്ലി: രാജ്യത്ത് അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായം തുടരുകയാണ്. ദില്ലി അതിര്‍ത്തികടക്കാന്‍  തൊഴിലാളികളുടെ കിലോമീറ്ററുകള്‍ നീണ്ട നിരയാണ് ഇന്നുണ്ടായത്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസ്സുപിടിക്കാന്‍ സാമൂഹിക അകലം പാലിക്കാതെയാണ് ജനങ്ങള്‍ തടിച്ചു കൂടിയത്.

ദില്ലിയില്‍ നിന്ന് 650 കിലോമീറ്റർ ദൂരമാണ് ഉത്തര്‍ പ്രദേശിലെ ഗോണ്ടയിലേക്കുള്ളത്. നാട്ടിലേക്ക്  ബസ് കിട്ടുമെന്നറിഞ്ഞ് കൈക്കുഞ്ഞുങ്ങളെയടക്കം എടുത്തുകൊണ്ടാണ് നിരവധി കുടുംബങ്ങൾ അതിർത്തിയിൽ എത്തിയത്. വിനോദ് നഗറിലെ സ്കൂളിന് മുന്നില്‍ യാത്രക്കുള്ള അനുമതിക്കായി മണിക്കൂറുകളായി കാത്തിരിക്കുകയാണ് ഇവർ. 

നൂറുകണക്കിന് തൊഴിലാളികളാണ് ഉത്തര്‍ പ്രദേശിലേക്കും ബിഹാറിലെക്കും മടങ്ങുന്നത്. ബസ് കിട്ടുമെന്നറിഞ്ഞ് ദില്ലി അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു ജനം. ഇവിടെ തിരക്ക് വർധിച്ചതോടെയാണ് തൊട്ടടുത്ത വിനോദ് നഗര്‍ കേന്ദ്രീകരിച്ച് പാസ് വിതരണം തുടങ്ങിയത്. വിവരമറിഞ്ഞ് ആളുകൾ ഇവിടേക്ക് ഇരച്ചെത്തി. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം വെറുതെയായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു.

ഉത്തർപ്രദേശിലെ ഗോണ്ട, ലഖ്‌നൗ, ഗോരഖ്‌പൂർ അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ബസ് സര്‍വ്വീസ് നടത്തിയത്. ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടിയും ഏര്‍പ്പെടുത്തിയിരുന്നു.