ഇന്‍ഡോര്‍: ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട് ആഹാരമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികലെ നാട്ടിലെത്തിക്കാന്‍  സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പലയിടത്തും മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഒളിച്ചുകടക്കുകയാണ് ഇവര്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ലക്നൗവിലേക്ക് എത്താന്‍ 18 അതിഥി തൊഴിലാളികള്‍ കണ്ടെത്തിയ വഴി സിമന്‍റ് മിക്സര്‍ ആയിരുന്നു. സിമന്‍റ് മിക്സറിനുള്ളില്‍ ഒളിച്ചിരുന്ന് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ മധ്യപ്രദേശ് പൊലീസ് തടഞ്ഞു. 

ട്രക്ക് ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഓഫീസര്‍മാര്‍, വാഹനം പരിശോധിച്ചപ്പോഴാണ് സിമന്‍റ് മിക്സറില്‍ ആളുകളുണ്ടെന്ന് വ്യക്തമായത്. പൊലീസിനെ ഞെട്ടിച്ചുകൊണ്ട് 18 പേരാണ് ഇതിലെ ചെറിയ ദ്വാരത്തിലൂടെ പുറത്തുവന്നത്. ഓരോരുത്തരായി മിക്സറില്‍ നിന്ന് പുറത്തിറങ്ങുന്ന വീഡിയോ വൈറലാണ്. 

സംഭവത്തില്‍ കേസെടുത്ത മധ്യപ്രദേശ് പൊലീസ്, ട്രക്ക് സ്റ്റേഷനിലെത്തിച്ചു. അതിഥി തൊഴിലാളികലെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്കായി സംസ്ഥാന സര്‍്കകാര്‍ ലക്നൗവിലേക്ക് ബസ് യാത്ര ഒരുക്കുന്നുണ്ട്. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് രാജ്യത്തെ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. എല്ലാ വ്യാവസായിക മേഖലകളും അടച്ചതോടെ ഇവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ ഭക്ഷണമോ താമസമോ ഇല്ലാതെയായി. നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നും സൈക്കിള്‍ ചവിട്ടിയും യാത്ര ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് സൈക്കിള്‍ ചവിട്ടിപ്പോയ 10 അംഗ സംഘത്തിലെ ഒരാള്‍ മധ്യപ്രദേശില്‍വച്ച് കുഴഞ്ഞ് വീണ് മരിച്ചിരുന്നു.