ദില്ലി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയിലെത്തി. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പോംപെയോ പ്രത്യേകം കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരുമായും പോംപെയോ പ്രത്യേകം ചര്‍ച്ച നടത്തി. 

ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയത്. ജി-20 ഉച്ചകോടിക്കിടെ ജപ്പാനിലെ ഒസാക്കയില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയുടെ അജന്‍ഡ നിശ്ചയിക്കുക എന്ന ലക്ഷ്യം കൂടി  മൈക്ക് പോംപെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഉണ്ട്. 

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 റഷ്യയില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ അമേരിക്ക രംഗത്ത് വന്നത് നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചു പോംപെയുമായി എസ്. ജയശങ്കര്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും എന്നാണ് കരുതുന്നത്.