ദില്ലി: 2019-20 സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സുരക്ഷ സേനകള്‍ ആവശ്യപ്പെട്ട തുകയേക്കാള്‍ 1ലക്ഷം കോടിയുടെ കുറവാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ഇതോടെ തങ്ങളുടെ പരിഗണനയിലുള്ള പദ്ധതികളുടെ ചിലവ് കുറയ്ക്കാനുള്ള നീക്കത്തിലാണ് രാജ്യത്തിന്‍റെ വിവിധ സേന വിഭാഗങ്ങള്‍ എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രതിരോധ ബഡ്ജറ്റ് വിലയിരുത്തുന്ന പാര്‍ലമെന്‍ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് പുതിയ വാര്‍ത്ത വരുന്നത്.

കണക്കുകള്‍ പ്രകാരം പ്രതിരോധ സേനകളില്‍ നാവിക സേനയ്ക്ക് 53,035 കോടിയും, കരസേനയ്ക്ക് 30687 കോടിയും, നാവിക സേനയ്ക്ക് 23,048 കോടിയും കേന്ദ്രം അനുവദിച്ച തുകയില്‍ കുറവ് വരും.  ഇതോടെ വിവിധ സൈനിക വിഭാഗങ്ങളില്‍ നടന്നുവരുന്ന ആധുനിക വത്കരണം, സൈന്യത്തിന്‍റെ ദിനംപ്രതിയുള്ള പ്രവര്‍ത്തനങ്ങള്‍, പരിശീലനം, ഇന്ത്യ-ചെന അതിര്‍ത്തിയിലെ സുപ്രധാനമായ റോഗ്ടാങ്ങ് ടണല്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയെ ബാധിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ കൂടുതല്‍ സഹായം സര്‍ക്കാറില്‍ നിന്നും അനുബന്ധ ബഡ്ജറ്റ് നീക്കിയിരിപ്പിലൂടെ ലഭിക്കും എന്നാണ് സേന വൃത്തങ്ങളുടെ പ്രതീക്ഷ. പാര്‍ലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റി ഓഫ് ഡിഫന്‍സിന്‍റെ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം സൈനിക വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കൂടുതല്‍ സഹായം സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

Read Also: 'കലാപകാരികളെ നയിക്കുന്നത് നേതാക്കളല്ല', പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേനാ മേധാവി...
 

ഈ വര്‍ഷത്തിന്‍റെ ആദ്യം കരസേന 1,98,964 കോടിയാണ് തങ്ങളുടെ ആവശ്യമായി കണക്കാക്കിയത്. എന്നാല്‍ ബഡ്ജറ്റില്‍ നിന്നും ലഭിച്ചത് 1,68,277 കോടിയാണ്. ഇത് തന്നെ 30,687 കോടിയുടെ കുറവാണ്. ഇതേ പോലെ വ്യോമസേനയുടെ ആവശ്യം 1,22,984 ആയിരുന്നു. ലഭിച്ചത് 69,946 കോടിമാത്രമാണ്. ഇതുപോലെ നാവിക സേന ആവശ്യപ്പെട്ടത് 64,307 കോടിയാണ് പക്ഷെ അനുവദിക്കപ്പെട്ടത് 41259 കോടിയാണ്.

ആവശ്യപ്പെട്ട തുകയില്‍ നിന്നും വലിയ കുറവ് വരുന്നത് പുതിയ ആയുധങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ തടസമാകുന്നു. ലഭിക്കുന്ന തുകയുടെ ഭൂരിഭാഗം ശമ്പളം പോലുള്ളവയ്ക്ക് ചിലവാകുന്നു എന്നതാണ് സേനകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പാര്‍ലമെന്‍റ് കമ്മിറ്റിക്ക് മുന്നില്‍ സേന വിഭാഗങ്ങള്‍ അറിയിച്ചു.

അതേ സമയം 120 ഒളം വിദേശ യുദ്ധക്കപ്പലുകള്‍ റോന്തുചുറ്റുന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ നാവിക സേനയുടെ ബഡ്ജറ്റ് കുറയുന്നത് നിര്‍ണ്ണായകമായ ശേഷി കുറവ് ഉണ്ടാക്കും എന്നാണ് പാര്‍ലമെന്‍റ് കമ്മിറ്റിക്ക് മുന്നില്‍ നാവിക സേന വൃത്തങ്ങള്‍ ബോധിപ്പിച്ചത്. അടുത്തിടെ ദേശീയ പ്രതിരോധ ബഡ്ജറ്റില്‍ നാവിക സേനയുടെ ഭാഗം 18 ശതമാനത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം 13 ശതമാനമായി കുറഞ്ഞുവെന്ന് നേവി ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് പ്രസ്താവിച്ചിരുന്നു. വാര്‍ഷിക വാര്‍ത്ത സമ്മേളനത്തിലാണ് നാവിക മേധാവിയുടെ പ്രസ്താവന.