ദില്ലി: മൂന്നാം തവണയും ദില്ലിയില്‍ ആം ആദ്മി പാർട്ടി നേടിയ വമ്പൻ വിജയത്തിന്‍റെ ആഹ്ലാദത്തിമിർപ്പിനിടെ താരമായത് ഒരു കുഞ്ഞ് കെജ്‍രിവാളായിരുന്നു. മഫ്ളർ കൊണ്ട് ചെവിമൂടി കഴുത്തിൽ ചുറ്റി. കുഞ്ഞുതൊപ്പിയും കണ്ണടയും വച്ച്, മെറൂൺ കളർ ജാക്കറ്റണിഞ്ഞ  'കുഞ്ഞന്‍ കെജ്‍രിവാളായിരുന്നു ആം ആദ്മിയുടെ വിജയാഹ്ലാദത്തിലെ ശ്രദ്ധാ കേന്ദ്രം.

ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായ 'മഫ്ലര്‍ മാന്‍' എന്നറിയപ്പെടുന്ന ഒരു വയസ്സുകാരന്‍ അവ്യാന്‍ തോമര്‍ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലെ പ്രത്യേക ക്ഷണിതാവാണ്. ആം ആദ്മി പാര്‍ട്ടിയാണ് ഔഗ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവ്യാനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ച വിവരം അറിയിച്ചത്. 

കെജ്‍രിവാളിന്‍റെ വേഷത്തിലെത്തിയ അവ്യാന്‍ തോമര്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ താരമായത്. വിജയം ഏകദേശം ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ‌ ആംആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റർ പേജിലും അവ്യാന്‍റെ ഫോട്ടോ പങ്കിട്ടിരുന്നു. 2500ലേ​റെ ത​വ​ണ​യാ​ണ് അ​വ്യാ​ന്‍ തോ​മ​റി​ന്‍റെ ചി​ത്രം റീ ​ട്വീ​റ്റ് ചെ​യ്ത​ത്. 'മ​ഫ്‌​ള​ര്‍​മാ​ന്‍' എ​ന്ന തലക്കെട്ടും പുഞ്ചിരിക്കുന്ന സ്മൈലിയും ചേർത്താണ് ആംആദ്മി അവ്യാന്റെ ചിത്രം പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇ​രു​ത്ത​യ്യാ​യി​ര​ത്തി​ലേ​റെ​പ്പേ​രാണ് ചിത്രത്തിന് ലൈക്ക് രേഖപ്പെടുത്തിയത്.  

Read More: ഇതാണ് ആംആദ്മിയുടെ 'കുഞ്ഞൻ കെജ്‍രിവാൾ': അവ്യാൻ തോമർ!

അ​വ്യാ​ന്‍റെ പി​താ​വ് രാ​ഹു​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി അ​നു​യാ​യി​യും ചെ​റു​കി​ട വ്യാ​പാ​രി​യു​മാ​ണ്. 2015 ലെ ദില്ലി തെരഞ്ഞെടുപ്പിൽ അവ്യാന്റെ സഹോദരി ഫെയറി കെജ്‍രിവാളിന്റെ വേഷത്തിലെത്തിയിരുന്നു. ഫെയറിക്ക് ഇപ്പോൾ ഒൻപത് വയസ്സുണ്ട്. അന്ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും കെജ്‍രിവാളിന്റെ വേഷത്തിൽ ഫെയറിയും എത്തിയിരുന്നു.