ചീഫ് സെക്രട്ടറിയും ഡിവി. കമ്മീഷണറും നടത്തിയത് 850 കോടിയുടെ അഴിമതി, അവരെ പുറത്താക്കൂ; മുഖ്യമന്ത്രിയോട് മന്ത്രി
തെളിവുകൾ നശിപ്പിക്കുകയോ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയോ ചെയ്യുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ അവരിൽ നിന്ന് പിടിച്ചെടുക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.

ദില്ലി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിനെയും ഡിവിഷൻ കമ്മീഷണർ അശ്വനി കുമാറിനെയും സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടാവശ്യപ്പെട്ട് ദില്ലി വിജിലൻസ് മന്ത്രി അതിഷി. ചൊവ്വാഴ്ചയാണ് മന്ത്രി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്. മകൻ കരൺ ചൗഹാനുമായി ബന്ധമുള്ള ഒരു കമ്പനിക്ക് അനധികൃത ലാഭം നൽകുന്നതിനായി ദ്വാരക എക്‌സ്‌പ്രസ് വേയ്‌ക്കായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക വർധിപ്പിച്ചതിൽ ചീഫ് സെക്രട്ടറിക്ക് പങ്കുണ്ടെന്ന് അതിഷി തന്റെ റിപ്പോർട്ടിൽ ആരോപിച്ചു.
ദ്വാരക എക്‌സ്‌പ്രസ്‌വേയിലെ ഭൂമി ഏറ്റെടുക്കലിൽ ഡിഎം സൗത്ത് വെസ്റ്റ് ഹേമന്ത് കുമാറിനും ഭൂവുടമകൾക്കും ചീഫ് സെക്രട്ടറി നരേഷ് കുമാറിനും ഇടയിലുള്ള ബന്ധവും 670 പേജുകളുള്ള പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അഴിമതിയുടെ വ്യാപ്തി 312 കോടിയായി കുറയ്ക്കാൻ ചീഫ് സെക്രട്ടറിയും ഉന്നത വിജിലൻസ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും യഥാർഥ അഴിമതി 850 കോടി രൂപയാണെന്നും മന്ത്രിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി നരേഷ് കുമാറിന്റെ മകന് ഭൂവുടമകളുമായി ബിസിനസ് ബന്ധമുണ്ടെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. നരേഷ് കുമാർ ദില്ലി ചീഫ് സെക്രട്ടറിയായതിന് ശേഷം മകന്റെ ബിസിനസുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ വിട്ടുനൽകുന്ന ഭൂമിക്ക്
നഷ്ടപരിഹാരം വർധിപ്പിക്കാൻ അധികാര ദുർവിനിയോഗം നടത്തിയെന്നും പറയുന്നു. അശ്വനി കുമാർ ഈ വിഷയത്തെക്കുറിച്ചുള്ള ഫയലുകൾ നൽകാൻ ആവർത്തിച്ച് വിസമ്മതിച്ചത് സംശയകരമായ നടപടിയാണ്.
Read More... ' 41 കോടി വിലയുള്ള ഭൂമി 353 കോടിക്ക് വിൽക്കാൻ സഹായിച്ചു'; രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥനെതിരെ പരാതി, അന്വേഷണം
തെളിവുകൾ നശിപ്പിക്കുകയോ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയോ ചെയ്യുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ അവരിൽ നിന്ന് പിടിച്ചെടുക്കണമെന്നും അതിഷി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി നരേഷ് കുമാറിനും ഡിവിഷണൽ കമ്മീഷണർ അശ്വനി കുമാറിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ദില്ലി മന്ത്രി ശുപാർശ ചെയ്തു. നിലവിലെ സിബിഐ അന്വേഷണത്തിന് സഹായകരമാകുന്ന വസ്തുതകൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.