വെല്ലുവിളികൾ ഏറെയുള്ള സമയമാണെന്നും (Russia Ukraine Crisis) പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ദില്ലി: യുക്രൈനിൽ (Ukraine) നിന്ന് പ്രത്യേക വിമാനത്തിൽ മടങ്ങിയെത്തിയ 211 ഇന്ത്യക്കാരെ സ്വീകരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). ഓപ്പറേഷൻ ഗംഗ (Operation Ganga) കൂടുതൽ വിപുലീകരിക്കുകയാണെന്നും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്നും (Russia Ukraine Crisis) അദ്ദേഹം പറഞ്ഞു. തിരികെയത്തിയവരെ വിമാനത്താവളത്തിൽ സ്വീകരിച്ച് അഭിസംബോധന ചെയ്ത് സംസാരിച്ചു. വെല്ലുവിളികൾ ഏറെയുള്ള സമയമാണെന്നും പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മന്ത്രി പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യയിലെ ഓരോ പൗരന്റെയും പേരിൽ, ഞാൻ നിങ്ങളെ ഇന്ന് നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. നരേന്ദ്രമോദി സർക്കാർ എല്ലാ ഇന്ത്യക്കാരിലേക്കും അവരുടെ പ്രതിസന്ധി സമയത്ത് എല്ലായ്‌പ്പോഴും എത്തിച്ചേരും," അദ്ദേഹം ട്വിറ്റർ കുറിപ്പിൽ പറയുന്നു. വിദ്യാർത്ഥികളുമായി സംസാരിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൌത്യമായ ഓപ്പറേഷൻ ഗംഗ അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1377 ഇന്ത്യക്കാരെ യുക്രൈനിൽ നിന്നും പുറത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിൽ 26 വിമാനങ്ങൾകൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയിൽ എത്തിയിട്ടുണ്ട്.
ഓപ്പറേഷൻ ഗംഗ പ്രതീക്ഷിച്ച രീതിയിൽ പുരോഗിക്കുന്നുണ്ടെന്നും യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായും വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിഗ്ള പറഞ്ഞു. 65 കിലോ മീറ്റർ നീളം വരുന്ന വമ്പൻ റഷ്യൻ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെയാണ് കീവിൽ നിന്നും എല്ലാ പൌരൻമാരോടും അടിയന്തരമായി ഒഴിയാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടത്.
