അമേത്തി: രോഗബാധിതയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തനിക്ക് അകമ്പടിയായി എത്തിയ ആംബുലന്‍സ് വിട്ടുനല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രണ്ട് ദിവസം അമേത്തി സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. യുവതിയെ ആംബുലന്‍സില്‍ കയറ്റുന്നതിനായി സൗകര്യമൊരുക്കിക്കൊടുക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോ വൈറലായി. ഗൗരിഗഞ്ച് ജില്ലാ ആശുപത്രിയില്‍ രോഗിയായ യുവതിയെ എത്തിക്കണമെന്ന് സ്മൃതി ഇറാനി തന്‍റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യമായാണ് സ്മൃതി ഇറാനി അമേത്തിയില്‍ സന്ദര്‍ശനത്തിനെത്തുന്നത്. നേരത്തെ തന്‍റ സഹായി കൊല്ലപ്പെട്ടപ്പോള്‍ മരണാനന്തര ചടങ്ങിന് എത്തിയിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം കൊല്ലപ്പെട്ട സഹായിയുടെ കുടുംബാംഗങ്ങളെ സ്മൃതി ഇറാനി സന്ദര്‍ശിച്ചു. മണ്ഡലത്തില്‍ ഉന്നത ഉദ്യോദസ്ഥരുടെ യോഗം വിളിച്ചു. വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും മന്ത്രി നിര്‍വഹിച്ചു. കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് സ്മൃതി ഇറാനി പാര്‍ലമെന്‍റിലെത്തിയത്.