ദില്ലി: ജെഎന്‍യുവില്‍ ഫീസ് വര്‍ദ്ധനവിനെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികളെ കണ്ട് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി തോമസ് ഐസക്.  ഒരു തളർച്ചയുമില്ല. വേണമെങ്കിൽ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് സഖാക്കളെന്ന് മന്ത്രി സന്ദര്‍ശനത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു.

യൂണിവേഴ്സിറ്റി അടച്ചുപൂട്ടുക എന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം. അതിന് വഴിയൊരുക്കുന്ന നടപടികൾ പാടില്ലായെന്നതു വ്യക്തം. പക്ഷെ, സമരത്തിൽ ഏർപ്പെട്ട മുഴുവൻപേരിൽ നിന്നും അഭിപ്രായസമന്വയം ഉണ്ടാക്കേണ്ടതുണ്ട്. ഇതിനെയെല്ലാംകുറിച്ചുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുന്നുണ്ട്. പക്ഷെ, ഒരുകാര്യം എനിക്കു ബോധ്യമായി. ഒരു തളർച്ചയുമില്ല. വേണമെങ്കിൽ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് സഖാക്കൾ- മന്ത്രി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഷഹീൻ ബാദിൽ നിന്നും ജെഎൻയുവിൽ എത്തിയപ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. ആ സമയത്ത് ഐഷിയും കൂട്ടുകാരും യൂണിയൻ ഓഫീസിൽ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ജെഎൻയു കാമ്പസിൽ വലിയൊരു നിശബ്ദത തളംകെട്ടി നിൽക്കുകയാണ്. മഹാഭൂരിപക്ഷം കുട്ടികളും വീടുകളിലേയ്ക്ക് പോയിരിക്കുന്നു. അവരൊക്കെ വന്നിട്ടുവേണം ഭാവിപരിപാടികൾ തീരുമാനിക്കാൻ. അടുത്ത ടേമിലേയ്ക്കുള്ള രജിസ്ട്രേഷന്റെ സമയമാണ്. പഴയ ഫീസ് നിരക്കിൽ രജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കണമെന്നതാണ് യൂണിയന്റെ ആവശ്യം. ഫീസ് വർദ്ധനവ് ഉപേക്ഷിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും രജിസ്ട്രേഷൻ ഫീസ് കുറച്ചിട്ടില്ല. യൂണിയൻ കേസ് കൊടുത്തിരിക്കുന്നു.

യൂണിവേഴ്സിറ്റി അടച്ചുപൂട്ടുക എന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം. അതിന് വഴിയൊരുക്കുന്ന നടപടികൾ പാടില്ലായെന്നതു വ്യക്തം. പക്ഷെ, സമരത്തിൽ ഏർപ്പെട്ട മുഴുവൻപേരിൽ നിന്നും അഭിപ്രായസമന്വയം ഉണ്ടാക്കേണ്ടതുണ്ട്. ഇതിനെയെല്ലാംകുറിച്ചുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുന്നുണ്ട്. പക്ഷെ, ഒരുകാര്യം എനിക്കു ബോധ്യമായി. ഒരു തളർച്ചയുമില്ല. വേണമെങ്കിൽ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് സഖാക്കൾ.

ഞാൻ ചെന്നത് അറിഞ്ഞ് കേരളഹൗസിലെ പിആർഒയായ സിനിയുടെ പിഎച്ച്ഡി സൂപ്പർവൈസറായിരുന്ന ഇന്റർനാഷണൽ റിലേഷൻസിലെ പ്രൊഫസർ രാജൻകുമാർ യൂണിയൻ ആഫീസിൽ വന്നു. പിന്നെ കുറച്ചുനേരം ഓരോരുത്തരുടെയും പിഎച്ച്ഡി, എംഫിൽ വിഷയങ്ങളെക്കുറിച്ചായി ചർച്ച. ഐഷിയുടെ തിസീസ് കാലാവസ്ഥ വ്യതിയാനം തിബറ്റിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു. എംഫിൽ കഴിഞ്ഞാൽ പിഎച്ച്ഡിക്ക് ഹിമാലയത്തെക്കുറിച്ച് മൊത്തം പഠിക്കാനാണ് പരിപാടി. യൂണിയൻ ഓഫീസിൽ നിന്ന് പ്രൊഫ. സി.പി. ചന്ദ്രശേഖറിന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ ഞാൻ ഈ ചർച്ചയെക്കുറിച്ച് ഓർത്തു. സമരബഹളത്തിലും കുട്ടികൾ അവരുടെ തിസീസിനെക്കുറിച്ചും ഗവേഷണത്തെക്കുറിച്ചും ചർച്ച ചെയ്യാൻ സമയം കണ്ടെത്തുന്നു.