Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കര്‍ണാടകയില്‍ പ്രമുഖ സന്യാസിക്കെതിരെ കുറ്റപത്രം

 പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാള്‍ക്കെതിരെ പരാതിയുള്ള പെണ്‍കുട്ടികള്‍ മുന്നോട്ട് വന്ന് പരാതി നല്‍കണമെന്നും പൊലീസ് പറയുന്നു.

Minor Girls Were Drugged And Abused By Jailed Top Karnataka Seer
Author
First Published Nov 9, 2022, 9:20 AM IST

ബെംഗലൂരു:  കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് സന്യാസിക്കെതിരെ കുറ്റപത്രം നല്‍കി കര്‍ണാടക പൊലീസ്. മുരുഘാ മഠത്തിലെ സന്യാസിയായ ശിവമൂർത്തി മുരുഘാ ശരണരുവിനെതിരെയാണ് ചിത്രദുര്‍ഗ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 

എന്‍ഡിടിവിയോട് സംസാരിച്ച ഒരു മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറയുന്നത് അനുസരിച്ച് മുരുഘാ മഠത്തിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ശിവമൂർത്തി മുരുഘാ ശരണരു പീഡിപ്പിച്ചത്. ഇവര്‍ക്ക് ഇയാള്‍ മയക്കുമരുന്ന് നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇയാള്‍ക്കെതിരെ പരാതിയുള്ള പെണ്‍കുട്ടികള്‍ മുന്നോട്ട് വന്ന് പരാതി നല്‍കണമെന്നും പൊലീസ് പറയുന്നു.

ആഗസ്റ്റ് മാസത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച ലിംഗായത്ത്  മഠമാണ് ശിവമൂർത്തി മുരുഘാ ശരണരു അംഗമായ മുരുഘാ മഠം. ലിംഗായത്ത് സമുദായത്തിന്‍റെ പ്രമുഖ ആത്മീയ നേതാവ് കൂടിയാണ് മുരുഘാ ശരണരു.

മൂന്ന് വര്‍ഷത്തോളം പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെ മഠത്തില്‍ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടികള്‍ മൈസൂരിലെ ഓടനാടി എന്ന എന്‍ജിഒയില്‍ എത്തി. കഴിഞ്ഞ ആഗസ്റ്റ് 26ന് ഇവര്‍ പരാതിയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. പിന്നീട് മൈസൂര്‍ പൊലീസ് ലിംഗയാത്ത് ആത്മീയ നേതാവിനെതിരെ എഫ്ഐആര്‍ ഇട്ടു.

പിന്നീട് കേസ് കുറ്റകൃത്യം നടന്ന ചിത്രദുര്‍ഗ്ഗയിലേക്ക് മാറ്റി. സെപ്തംബര്‍ 1ന് ശിവമൂർത്തി മുരുഘാ ശരണരുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ലിംഗായത്ത് ആത്മീയ നേതാവിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. അടുത്ത വര്‍ഷം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ശക്തമായ വോട്ട് ബാങ്കായ  ലിംഗായത്ത് സമുദായത്തെ പിണക്കാതിരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്. 

ഒക്ടോബര്‍ 27നാണ് പൊലീസ് കേസില്‍ കുറ്റപത്രം കോടതിയില്‍ നല്‍കിയത്. ആത്മീയ നേതാവിന് പുറമേ കേസില്‍ മഠത്തിലെ ഹോസ്റ്റല്‍ വാര്‍ഡനായ രശ്മി, ശിവമൂർത്തിയുടെ രണ്ട് സഹായികള്‍ എന്നിവര്‍ പ്രതികളാണ്. 

അശ്ലീല ദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; പരാതി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ

യുവാവിന്‍റെ തലവെട്ടിയെടുത്ത് ഫുട്ബോള്‍ കളിച്ച് കൊലപാതകികള്‍

Follow Us:
Download App:
  • android
  • ios