കേന്ദ്ര നീക്കം മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജീവനക്കാരുടേയും 22000 രോഗികളുടേയും ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നുമാണ് മമതാ ബാനര്‍ജി അവകാശപ്പെട്ടത്
ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചുവെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ (Mamata Banerjee) വാദത്തേക്കുറിച്ച് അറിയില്ലെന്ന് മദർ തെരേസ (Mother Teresa) സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി (Missionaries of Charity). എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നാണ് മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് വിശദമാക്കുന്നത്. ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറയുന്നു.
ബാങ്കിലൂടെയുള്ള ഇടപാടുകള്‍ സുഗമമായി നടക്കുന്നുണ്ടെന്നും സുനിത കുമാര്‍ വിശദമാക്കി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്ന് തിങ്കളാഴ്ചയാണ് മമത ബാനര്‍ജി അവകാശപ്പെട്ടത്. നീക്കം മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജീവനക്കാരുടേയും 22000 രോഗികളുടേയും ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നുമാണ് മമതാ ബാനര്‍ജി അവകാശപ്പെട്ടത്. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടിയെന്നായിരുന്നു മമത പറഞ്ഞത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചിരുന്നു.
ക്രിസ്തുമസ് ദിനത്തിൽ കേന്ദ്ര സർക്കാർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുകയാണ്. കേന്ദ്രത്തിന്റെ ഈ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് വിഷയത്തില്‍ മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്. മമത ബാനര്‍ജിയുടെ ആരോപണം തെറ്റാണെന്ന് കേന്ദ്രം വിശദമാക്കിയിരുന്നു. ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചിട്ടില്ലെന്നും എഫ്സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിക്കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അനുമതിയ്ക്കായുള്ള യോഗ്യതാ നിര്‍ദ്ദേശം മിഷണറീസ് ഓഫ് ചാരിറ്റിക്ക് ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനേക്കുറിച്ച് പറയുന്നത്. 2020ലാണ് വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി നിയമഭേദഗതി വരുത്തിയിരുന്നു. കുഷ്ഠരോഗികളെയും അനാഥരെയും ശുഷ്രൂഷിക്കാൻ മദർ തെരേസ രൂപീകരിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്ക് എതിരെ കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. വഡോദരയിലെ മകർപുരയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഷെൽട്ടർ ഹോമിൽ മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കേസ്. ജില്ലാ സാമൂഹിക പ്രതിരോധ ഓഫീസറായ മയാങ്ക് ത്രിവേദിയുടെ പരാതിയിലാണ് മകർപുര പൊലീസ് കേസെടുത്തത്.
