ആധാര്‍ നമ്പര്‍ പിശകിനെ തുടര്‍ന്ന് അക്കൌണ്ടിലെത്തിയ പണം തിരികെ നല്‍കിയില്ല, ബീഡി തൊഴിലാളി അറസ്റ്റില്‍
പണം തിരികെ നല്‍കുന്നത് സംബന്ധിയായ നോട്ടീസ് നല്‍കിയപ്പോള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പണമാണ് അക്കൌണ്ടില്‍ വന്നതെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്.

റാഞ്ചി: ആധാര്‍ നമ്പറിലെ പിശക് മൂലം ബാങ്കിന് സംഭവിച്ച പിഴവില്‍ ബീഡി തൊഴിലാളി അറസ്റ്റില്‍. തന്‍റെ ബാങ്ക് അക്കൌണ്ടില്‍ വന്ന പണം പിന്‍വലിച്ച യുവാവാണ് ജാര്‍ഖണ്ഡില്‍ അറസ്റ്റിലായത്. 42 കാരനായ ബീഡി തൊഴിലാളിയായ ജീത്റാല്‍ സാമന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയിലാണ് സംഭവം. ഒരു സ്ത്രീയുടെ പണം അനധികൃതമായി പിന്‍വലിച്ചതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ അക്കൌണ്ടുമായി ലിങ്ക് ചെയ്ത ആധാര്‍ നമ്പറിലെ പിശക് മൂലമാണ് പണം ജീത്റാലിന്‍റെ അക്കൌണ്ടിലെത്തിയത്.
കൊവിഡ് കാലത്താണ് ഇയാള്‍ അക്കൌണ്ടില്‍ പണമുള്ള കാര്യം ശ്രദ്ധിക്കുന്നത്. അതും ഗ്രാമത്തിലെ സേവാ കേന്ദ്രത്തില്‍ നിന്ന്. ഇതോടെ ബാങ്ക് പ്രതിനിധിയുടെ കൂടെ സഹായത്തോടെയാണ് ഇയാള്‍ പണം പിന്‍വലിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് അക്കൌണ്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കാണാതായത് ശ്രീമതി ലാഗൂരി എന്ന സ്ത്രീ ശ്രദ്ധിക്കുന്നത്. ഇവര്‍ ബാങ്കില്‍ പരാതി നല്‍കുകയായിരുന്നു. അധികൃതര്‍ക്ക് മാനേജര്‍ പരാതി കൈമാറുകയായിരുന്നു. പിശക് കണ്ടെത്തിയതോടെ ജീത്റാലിനോട് പണം തിരികെ നല്‍കാന്‍ ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സ്വന്തം അക്കൌണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ചെലവിട്ടതിനാല്‍ തിരികെ നല്‍കാനാവാത്ത സ്ഥിയിലുമായി ജീത്റാല്‍.
ഇതിന് പിന്നാലെയാണ് വിശ്വാസ വഞ്ചനയ്ക്ക് ജീത്റാലിനെതിരെ കേസ് എടുക്കുന്നത്. മാര്‍ച്ച് 24നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണ് പണം ഇയാളുടെ അക്കൌണ്ടിലെത്താന്‍ കാരണമായതെന്ന് പൊലീസ് വിശദമാക്കുന്നു. പണം പിന്‍വലിച്ച ശേഷം വിവരം മറ്റാരും അറിയാതിരിക്കാന്‍ സേവാ കേന്ദ്രത്തിലെ ജീവനക്കാരന് കൈക്കൂലി നല്‍കിയതിനാല്‍ തനിക്ക് അവകാശപ്പെട്ട പണമല്ല പിന്‍വലിച്ചതെന്ന ധാരണ ഇയാള്‍ക്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പണം തിരികെ നല്‍കുന്നത് സംബന്ധിയായ നോട്ടീസ് നല്‍കിയപ്പോള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പണമാണ് അക്കൌണ്ടില്‍ വന്നതെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്. ബാങ്കുകളുടെ ലയനത്തിനിടെ സംഭവിച്ച തകരാറ് മൂലമാണ് ആധാര്‍ നമ്പര്‍ മറ്റൊരു അക്കൌണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടതെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.