ദില്ലി: ദേശീയതയും ഭാരത് മാതാ കീ ജയ്‌ മുദ്രാവാക്യവും ദുരുപയോഗം ചെയ്യുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ദില്ലിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ പ്രസംഗങ്ങളെ ആസ്പദമാക്കിയുള്ള 'ഹു ഈസ് ഭാരത് മാതാ' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ‌മുൻ പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ.  ഇന്ത്യയെ കുറിച്ചുള്ള തീവ്രവാദപരവും തികച്ചും വൈകാരികപരവുമായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ഭാരത് മാതാ കീ ജയ് എന്ന വാചകത്തെ ദുരുപയോഗം ചെയ്യുന്നതായിട്ടാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്.  മാത്രമല്ല ദശലക്ഷക്കണക്കിന് നിവാസികളെയും പൗരന്മാരെയും ഒഴിവാക്കുന്നതാണ് ഈ ആശയങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ലോകത്തെ വലിയ ശക്തികളിലൊന്നായി ഇന്ത്യ മാറിയതിലും  ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യമായതിലും ആദ്യ പ്രധാനമന്ത്രിയായ ജവഹല്‍ലാല്‍ നെഹ്‌റുവിന് പ്രധാനപ്പെട്ട പങ്കുണ്ടെന്നും മൻമോഹൻ സിം​ഗ് അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ ജീവിതരീതിയാണ്  അദ്ദേഹം സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരം നെഹ്റുവിന്‍റെ നേതൃപാടവം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഇന്നത്തെ നിലയിലാവില്ലായിരുന്നെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേർത്തു.

നിര്‍ഭാഗ്യവശാല്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് ചരിത്രം കൃത്യമായ വായിക്കാനും മനസിലാക്കാനുമുള്ള ക്ഷമയില്ലെന്നും തെറ്റുകളെ ഇല്ലായ്മ ചെയ്യാന്‍ ചരിത്രത്തിന് സാധിക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മന്‍മോഹന്‍ സിംഗിന്‍റെ ഈ വിമർശനം. പുരുഷോത്തം അഗര്‍വാള്‍, രാധാകൃഷ്ണ എന്നിവര്‍ എഴുതിയ പുസ്തകമാണ് 'ഹു ഈസ് ഭാരത് മാതാ'. നെഹ്റുവിന്‍റെ ഓട്ടോബയോഗ്രഫി, ഗ്ലിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി, ഡിസ്കവറി ഓഫ് ഇന്ത്യ എന്നീ പുസ്തകങ്ങളിലെ ഭാഗങ്ങളും അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെയും കത്തുകളുടെയും അഭിമുഖത്തിലെയും പ്രസക്തഭാഗങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പുസ്തകം രചിച്ചിരിക്കുന്നത്.