അണികളുടെ സ്വീകാര്യതയാണ് മാനദണ്ഡമെങ്കിൽ തരൂർ എന്തുകൊണ്ടും യോഗ്യനെന്നും എം.കെ രാഘവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുളള തെരഞ്ഞെടുപ്പില്‍ ജാതി ഘടകങ്ങൾ കൂടി പരിഗണിക്കണമെന്ന താരിഖ് അന്‍വറിന്‍റെ പരാമര്‍ശത്തിനെതിരെ എം.കെ. രാഘവന്‍ എം.പി. ജാതീയ ഘടകങ്ങളല്ല, പ്രവർത്തകരുടെ സ്വീകാര്യതയാണ് പ്രധാനമെന്ന് എംപി പറഞ്ഞു. ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണം. അണികളുടെ സ്വീകാര്യതയാണ് മാനദണ്ഡമെങ്കിൽ തരൂർ എന്തുകൊണ്ടും യോഗ്യനെന്നും എം.കെ രാഘവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. എന്നാൽ ജാതി സമവാക്യങ്ങളടക്കം പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കുമെന്നുമാണ് താരിഖ് അൻവറിന്റെ നിലപാട്. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാകാൻ ശശി തരൂർ ക്ഷണിച്ചേക്കുമെന്നാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ പ്രത്യേക ക്ഷണിതാവാകാനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രത്യേകം ക്ഷണിതാവായാൽ എല്ലാ യോഗങ്ങളിലും പങ്കെടുക്കാനോ തുറന്ന് അഭിപ്രായം പറയാനാകില്ല. പ്രവർത്തക സമിതിയെ നാമനിർദേശം ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നേതൃത്വത്തെ ചോദ്യം ചെയ്യാത്ത, നേതാക്കളുടെ അടുപ്പക്കാരെ ഉൾപ്പെടുത്താനായിരിക്കും ശ്രമിക്കുക എന്ന ആക്ഷേപം ചില കോണുകളിൽ നിന്നെങ്കിലും ഉയരുന്നുണ്ട്.
