കൊല്‍ക്കത്ത: താനും കൊല്ലപ്പെടുമെന്ന ഭീതിയില്‍ സ്വന്തം പ്രതിമകള്‍ നിര്‍മ്മിച്ച് ബംഗാളിലെ ത്രിണമൂല്‍ എംഎല്‍എ. കൊല്ലപ്പെട്ട് കഴിഞ്ഞാലും തന്നെ ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് എംഎല്‍എയുടെ പ്രതിമ നിര്‍മ്മാണം. സൗത്ത് 24 പര്‍ഗനാസിലെ ഗൊസാബയില്‍ നിന്ന് രണ്ടാം തവണയും നിയമസഭയിലെത്തിയ ആളാണ് 71 കാരനായ ജയന്ത നാസ്കര്‍.
കൊല്‍ക്കത്തയ്ക്ക് സമീപത്തെ കുമര്‍ത്തുലിയില്‍നിന്നാണ് മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹം  പ്രതിമയുണ്ടാക്കിച്ചത്. 

അലിപോറില്‍നിന്ന് ചാടിപ്പോയ നാല് കുറ്റവാളികളെ പിടികൂടിയപ്പോള്‍ അവര്‍ പറഞ്ഞത് തന്നെ കൊല്ലാന്‍ ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ അവരെ വാടകയ്ക്കെടുത്തുവെന്നാണ്. അന്നത്തെ ജില്ലാ സുപ്രന്‍റിന്‍റന്‍റായ പ്രവീണ്‍ ത്രിപതിയാണ് ഇക്കാര്യം തന്നെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷയും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11 പൊലീസ് ഉദ്യോഗസ്ഥരെയാണ് അദ്ദേഹത്തിന്‍റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 

''ഇതോടെ ഞാന്‍ എന്‍റെ പ്രതിമകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഞാന്‍ കൊല്ലപ്പെട്ടാല്‍ ഈ പ്രതിമകളിലൂടെ ആളുകള്‍ എന്നെ ഓര്‍മ്മിക്കുമല്ലോ'' - ജയന്ത നാസ്കര്‍ പറഞ്ഞു. 
താന്‍ കൊല്ലപ്പെടുമെന്ന ഭയത്തിലാണ് കുടുംബാംഗങ്ങളുമെന്നും  ടിഎംസിയില്‍ തന്നെ തനിക്ക് ധാരാളം ശത്രുക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് പ്രതിമകളാണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്‍റെ താഴത്തെ നിലയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ചിലര്‍ ഇത് കാണുകയും ചിത്രം എടുക്കുകയും ചെയ്തതോടെ തനിക്ക് നാണക്കേട് തോന്നിയെന്നും ഇത് തന്‍റെ മരണത്തിന് ശേഷം സ്ഥാപിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 

തന്‍റെ മരണശേഷം, ഒരു പ്രാദേശിക സ്കൂളില്‍ പ്രതിമകളിലൊന്ന് സ്ഥാപിക്കാമെന്ന് ആ സ്കൂളിലെ പ്രധാനാദ്യാപകന്‍ ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റ് രണ്ട് പ്രതിമകള്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ല. ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവര്‍ എവിടെയെങ്കിലും സ്ഥാപിക്കട്ടെ എന്നും ജയന്ത നാസ്കര്‍ വ്യക്തമാക്കി. അതേസയം ''ഒരു ബോധവുമില്ലാത്ത ചിലര്‍ക്ക് ഇതാണ് തൊഴില്‍, ഭയങ്കര തമാശതന്നെ'' - എന്നായിരുന്നു ത്രിണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഷൗകത്ത് മൊല്ലയുടെ പ്രതികരണം.