രമേഷ് ലട്കെയുടെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള മാർഗമായി എംഎൻഎസ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും റുതുജക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തരുതെന്നും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും താക്കറെ വ്യക്തമാക്കി.
മുംബൈ: അന്ധേരി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ നിർത്തരുതെന്ന് അപേക്ഷിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. അന്ധേരി എംഎൽഎയായിരുന്ന രമേഷ് ലട്‌കെയുടെ മരണത്തെത്തുടർന്ന് അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തരുതെന്നാണ് രാജ് താക്കറെയുടെ ആവശ്യം. അന്തരിച്ച നിയമസഭാംഗത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കാൻ എംഎൻഎസ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട ഫഡ്‌നാവിസിന് അയച്ച കത്തിൽ താക്കറെ പറഞ്ഞു.
രമേഷ് ലട്‌കെയുടെ ഭാര്യ റുതുജ രമേശാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ സ്ഥാനാർഥി. രമേഷ് ലട്കെയുടെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള മാർഗമായി എംഎൻഎസ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും റുതുജക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തരുതെന്നും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും താക്കറെ വ്യക്തമാക്കി. രമേഷ് ലട്‌കെയുടെ രാഷ്ട്രീയ രംഗത്തെ വളർച്ചക്ക് സാക്ഷ്യം വഹിച്ചയാളാണ് താൻ. മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിക്കുമെന്നതിനാൽ റുതുജ ലട്‌കെ എം.എൽ.എ ആകണമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. താക്കറെയുടെ കത്തിന് മറുപടിയുമായി ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് രംഗത്തെത്തി.
രാജ് താക്കറെയുടേത് സദ്ദുദ്ദേശ്യമാണെന്നും എന്നാൽ തീരുമാനമെടുക്കുന്നതിന് മുമ്പ് പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ എനിക്ക് മാത്രം തീരുമാനമെടുക്കാൻ കഴിയില്ല. ഞങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര നേതൃത്വത്തിൽ നിന്ന് അറിയിപ്പിനെ തുടർന്നാണ് നാമനിർദേശ പത്രിക നൽകിയത്. താക്കറെയുടെ കത്തിന് മറുപടി നൽകുന്നതിന് മുമ്പ് നേതൃത്വവുമായി സംസാരിക്കേണ്ടതുണ്ട്. ഞങ്ങളുടെ സഖ്യകക്ഷിയായ ബാലാസാഹെബാഞ്ചി ശിവസേനയുമായും ചർച്ച നടത്തണം. അതിനുശേഷം മാത്രമേ എനിക്ക് ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയൂവെന്നും രാജ് താക്കറെ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണമെന്നഭ്യർഥിച്ച് ബിജെപി നേതാവ് ആശിഷ് ഷേലാർ രാജ് താക്കറെയുടെ വസതിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് രാജ് ഷെലാറിനോട് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. രാജ് താക്കറെയുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ വളരെ വൈകിപ്പോയെന്നും ബിജെപി വക്താവ് പറഞ്ഞു.
'ഗുജറാത്തിൽ ബിജെപിക്ക് തോൽവി ഭയം, ദില്ലി ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്യും': സൗരഭ് ഭരദ്വാജ്
അതിനിടെ കോൺഗ്രസും എൻസിപി റുതുജ ലത്കെയെ പിന്തുണക്കുമെന്ന് അറിയിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ തകർന്നതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. മുർജി പട്ടേലാണ് ബിജെപിയുടെ സ്ഥാനാർഥി. ശിവസേന രണ്ടായി പിളർന്ന ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പായതിനാൽ പോരാട്ടത്തെ മഹാരാഷ്ട്രാ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് നടക്കുന്ന അന്ധേരി ഈസ്റ്റിൽ നവംബർ 3 ന് പൊതു അവധി പ്രഖ്യാപിച്ചു.
