Asianet News MalayalamAsianet News Malayalam

യുവാവിനെ വടിവാളുകൊണ്ട് ആക്രമിച്ചു, ​ഗുരുതര പരിക്ക്; നൂപുർ ശർമയെ പിന്തുണച്ചതിനാലെന്ന് പരാതി

അഹമ്മദ്‌നഗർ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റർ അകലെ കർജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് ആക്രമണം നടന്നത്. സംഘടിച്ചെത്തിയ 14 പേർ വാൾ, വടി, ഹോക്കി സ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Mob attacks man with sharp weapons, accuses him of supporting Nupur Sharma
Author
Ahmednagar, First Published Aug 6, 2022, 7:13 PM IST

അഹമദ്ന​ഗർ(മഹാരാഷ്ട്ര):  പ്രവാചകൻ മുഹമ്മദിനെതിരെയുള്ള പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ 23കാരനെ ആൾക്കൂട്ടം ആക്രമിച്ചെന്ന് പരാതി. മൂർച്ചയുള്ള ആയുധങ്ങളുപയോ​ഗിച്ച് ആക്രമിച്ചതിനാൽ ​ഗുരുതര പരിക്കേറ്റ യുവാവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. സണ്ണി രാജേന്ദ്ര പവാർ (പ്രതീക്) എന്ന യുവാവിനാണ് മർദ്ദനമേറ്റത്. തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റതിനാൽ ഇയാളുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 

അഹമ്മദ്‌നഗർ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റർ അകലെ കർജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് ആക്രമണം നടന്നത്. സംഘടിച്ചെത്തിയ 14 പേർ വാൾ, വടി, ഹോക്കി സ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ പരാതിക്കാരനായ പവാറും സുഹൃത്തും മെഡിക്കൽ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്.  യുവാവ് നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് എഴുതിയെന്നും ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് ഇട്ടെന്നും പറഞ്ഞ് അക്രമികൾ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഉമേഷ് കോൽഹെയ്ക്ക് സംഭവിച്ച അതേഗതി തനിക്കും നേരിടേണ്ടി വരുമെന്ന് അക്രമികൾ പവാറിനെ ഭീഷണിപ്പെടുത്തിയെന്നും അക്രമികളിലൊരാൾ പവാറിന്റെ കണ്ണിൽ ഇടിച്ചതായും എഫ്‌ഐആർ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ആക്രമണത്തെ പവാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ടാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നൂപുർ ശർമ്മയെ പിന്തുണച്ച് പവാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് പരാതിയിൽ പരാമർശമുണ്ടെങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനാൽ അതിനെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും പവാറിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും രണ്ട് കേസുകൾ അദ്ദേഹത്തിനെതിരെ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 14 പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. സംഭവത്തെ അപലപിച്ച ബിജെപി എംഎൽഎ നിതേഷ് റാണെ രം​ഗത്തെത്തി.  

 മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തു എന്നാരോപിച്ച് ജൂണിൽ ഉദയ്പൂരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ഇതേകാരണത്താൽ രസതന്ത്രജ്ഞനായ കോൽഹെയും കൊല്ലപ്പെട്ടു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് കേസ് അന്വേഷിക്കുന്നത്. 

പൊലീസ് സ്റ്റേഷന് ഉള്ളിൽ വച്ച് പൊലീസുകാരന്റെ മുഖത്തടിച്ചു, മര്‍ദ്ദനം; പ്രതികരിക്കാതെ സഹപ്രവര്‍ത്തകര്‍

Latest Videos
Follow Us:
Download App:
  • android
  • ios