ദില്ലി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മുസ്ലിം യുവാവ് തബ്രിസ് അന്‍സാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയിലിക്കെ അന്‍സാരിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഗുരുതരപരിക്കേറ്റ അന്‍സാരിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുതത്തിയെന്നുമാണ് വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും കൂട്ടായ്മയോടാണ് കുടുംബാംഗങ്ങള്‍ പൊലീസ് ഭീഷണിയെക്കുറിച്ച് പറഞ്ഞത്. ദ വയറാണ് സംഘത്തിന്‍റെ കണ്ടെത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ക്രൂരമായ മര്‍ദനത്തിന് ശേഷം ആള്‍ക്കൂട്ടം ഖര്‍ദ്വാന്‍ പൊലീസിനാണ് തബ്രിസിനെ കൈമാറിയത്. അമ്മാവന്‍ മഖ്സൂദ് ആലം പൊലീസ് സ്റ്റേഷനിലെത്തുമ്പോല്‍ ഗുരുതര പരിക്കേറ്റ തബ്രിസ് ലോക്കപ്പിലായിരുന്നു. വായില്‍നിന്നും തലയില്‍നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. തബ്രിസിനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട മഖ്സൂദിനെ പൊലീസ് ഭീഷണിപ്പെടുത്തി. തല്ലി എല്ലൊടിച്ച് ജയിലിലിടുമെന്നാണ് മഖ്സൂദിനോട് പൊലീസ് പറഞ്ഞത്. നടക്കാന്‍ പോലും കഴിയാത്ത തബ്രിസിനെ നിരവധി തവണ കേണപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ ജയിലിലേക്കയക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

ജൂണ്‍ 19ന് കസ്റ്റഡിയിലെടുത്ത തബ്രിസിനെ 22നാണ് സരായ്കേല ആശുപത്രിയിലെത്തിച്ചത്. തബ്രിസ് മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയെങ്കിലും നേരിയ ഹൃദയമിടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ടാറ്റ മെഡിക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മനസാക്ഷിയെ ഞെട്ടിക്കുന്ന വസ്തുതകളാണ് സംഘം കണ്ടെത്തിയത്.

ഒന്നരമാസം മുമ്പാണ് 25കാരനായ തബ്രിസ് അന്‍സാരി വിവാഹിതനാകുന്നത്. വെല്‍ഡിംഗായിരുന്നു തബ്രിസിന്‍റെ ജോലി. വിവാഹ ശേഷം ഭാര്യയോടൊത്ത് പുണെയില്‍ സ്ഥിരതാമസമാക്കാനായിരുന്നു തബ്രിസിന്‍റെ പദ്ധതി. ബൈക്ക് മോഷണക്കേസില്‍ തബ്രിസിനെതിരെ ആരോപണമുയര്‍ന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അയല്‍വാസികള്‍ സംഘത്തോട് പറഞ്ഞു. ആള്‍ക്കൂട്ടം തബ്രിസിനെ ക്രൂരമായി മര്‍ദിച്ചെന്നും ജയ് ശ്രീറാം വിളിപ്പിച്ചെന്നും ദൃക്സാക്ഷികള്‍ ഇവരോട് പറഞ്ഞു.

തബ്രിസിനെ കെട്ടിയിട്ട് മര്‍ദിച്ച ധക്ടിദിഹ് നേരത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന സ്ഥലമാണ്. പ്രദേശത്തെ മുസ്ലിംകള്‍ പശുക്കളെ കടത്തുന്നുണ്ടെന്ന് വലതുപക്ഷ സംഘടനകള്‍ ആരോപിച്ചിരുന്നു. മര്‍ദനമേറ്റ തബ്രിസ് വെള്ളം ചോദിച്ചപ്പോള്‍ വിഷക്കായ കലക്കിയ വെള്ളം നല്‍കിയെന്നും ദൃക്സാക്ഷികള്‍ സംഘത്തോട് പറഞ്ഞു.