കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത പ്രതികൾക്ക് വൻ സ്വീകരണവുമായി ആൾക്കൂട്ടം. ജാമ്യം കിട്ടിയ പ്രതികളെ പൊലീസ് സ്റ്റേഷന് പുറത്ത് മുദ്രാവാക്യം വിളികളോടെ പൂമാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 

ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പൊലീസ് സ്റ്റേഷന് പുറത്ത് വൻ സ്വീകരണം. ആൾക്കൂട്ടം പ്രതികളെ മുദ്രാവാക്യം വിളികളോടെ പൂമാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. "ഇൻക്വിലാബ് സിന്ദാബാദ്", "ഭാരത് മാതാ കീ ജയ്", "ജയ് ശ്രീറാം" എന്നിങ്ങനെ മുദ്രാവാക്യം മുഴക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. അറസ്റ്റിലായ അഞ്ചുപേർക്ക് പ്രാദേശിക കോടതി ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഓരോരുത്തരും 20,000 രൂപയുടെ ബോണ്ട് നൽകണമെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 15ന് രാജസ്ഥാനിലെ ജയ്പുരിലുള്ള ഷഹീദ് സ്മാരകത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആണ് അഭിജിത്ത് ദീപ്കെ ആക്രമിക്കപ്പെട്ടത്. പ്രതിഷേധത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ദീപ്കെയെ ചുമലിൽ ഇരുത്തി കൊണ്ടുപോകുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത്. ദീപ്കെയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Scroll to load tweet…

ആക്രണവുമായി ബന്ധപ്പെട്ട് രോഹിത് ശർമ, രാകേഷ് ഗുർജാർ, അജയ് ശർമ, കുൽദീപ് സിങ്, നികേത് എന്നിവരാണ് അറസ്റ്റിലായിരുന്നത്. സംഭവത്തെ തുട‍ർന്ന്, ആക്രമണത്തിൽ താൻ ഭയപ്പെടില്ലെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്നും അഭിജിത്ത് ദീപ്കെ പ്രതികരിച്ചിരുന്നു. ആക്രമണം രാഷ്ട്രീപ്രേരിതമാണെന്നും പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് കോക്റോച്ച് ജനത പാർട്ടി ദേശീയ വക്താവ് അഷുതോഷ് രംക രംഗത്തെത്തിയിരുന്നു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി രാജ്യാവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധമാണ് ജയ്പുരിൽ നടന്നത്. ദില്ലിയിൽനിന്ന് ആരംഭിച്ച പ്രതിഷേധം, ബെംഗളൂരു, ഹൈദരാബാദ്, ലക്നൗ തുടങ്ങിയ പ്രധാന ന​ഗരങ്ങളിൽ അരങ്ങേറി.