ദില്ലിയിൽ അമിത് ഷായും മോദിയും ചേർന്ന് നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിൽ മന്ത്രിമാരുടെ പട്ടികയായി. നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രവിശങ്കർ പ്രസാദ്, അ‍ജുൻ മേഖ്‍വാൾ എന്നിവർ മന്ത്രിമാരായി തുടരുമെന്ന് തീരുമാനമായി. ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ കിട്ടുമെന്നതിൽ ഇതുവരെ കൃത്യമായ സൂചനകളായിട്ടില്ല. 

ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിൽ കേന്ദ്രമന്ത്രിമാരുടെ പട്ടികയായി. ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രവിശങ്കർ പ്രസാദ്, അ‍ജുൻ മേഖ്‍വാൾ എന്നിവർ മന്ത്രിമാരായി തുടരുമെന്ന് തീരുമാനമായി. രാഹുലിനെ തട്ടകത്തിൽ തറ പറ്റിച്ച സ്മൃതി ഇറാനിക്കും മികച്ച വകുപ്പ് കിട്ടും. അമിത് ഷാ മന്ത്രിസഭയിലേക്കില്ല. ബിജെപി ദേശീയ അധ്യക്ഷനായി തുടരും.

മോദി - ജയ്‍റ്റ്‍ലി കൂടിക്കാഴ്ച

അതേസമയം, പുതിയ മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദി മുൻ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയെ കണ്ടു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അരുൺ ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിൽ നിന്ന് പിൻമാറിയത്. തൽക്കാലം ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. തൽക്കാലം ജയ്‍റ്റ്‍ലി മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഒരു നല്ല വകുപ്പ് നൽകുകയും ചെയ്യാമെന്നാകും മോദി ജയ്‍റ്റ്‍ലിക്ക് മുന്നിൽ വയ്ക്കുന്ന വാഗ്ദാനം. മന്ത്രിസഭയിൽ തുടരണം എന്നാവശ്യപ്പെട്ട് പീയുഷ് ഗോയലും അരുൺ ജെയ്റ്റ്ലിയെ കണ്ടു. എന്നാൽ ജെയ്റ്റ്‍ലിയുടെ തീരുമാനം എന്താണെന്ന സൂചനകൾ പുറത്തുവന്നിട്ടില്ല.

Scroll to load tweet…

നേരത്തേ പുതിയ സർക്കാരിൽ ചുമതലകൾ നൽകരുതെന്നാവശ്യപ്പെട്ട് അരുൺ ജയ്‍റ്റ്‍ലി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു. ഇത്തവണ പുതിയ സർക്കാരിൽ തൽക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുൺ ജയ്‍റ്റ്‍ലി നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സർക്കാരിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അരുൺ ജയ്‍റ്റ്‍ലി കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി.

Scroll to load tweet…

ദില്ലിയിൽ നിർണായക ചർച്ചകൾ

മാരത്തൺ ചർച്ചകൾക്ക് ശേഷം മോദിയെ മുൻ ആഭ്യന്തര മന്ത്രിയായ രാജ്‍നാഥ് സിംഗ് കണ്ടിരുന്നു. രാത്രി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അമിത് ഷായുടെ വീട്ടിലെത്തി ചർച്ച നടത്തി. നിയുക്ത മന്ത്രിമാരിൽ ചിലരെ ഇന്നലെ രാത്രി തന്നെ മന്ത്രിമാരായി തുടരുമെന്ന വിവരം അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ നിയുക്ത മന്ത്രിമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.


സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട്

രാവിലെ ഏഴ് മണിയോടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലേക്ക് തിരിക്കും. തുടർന്ന് മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സ്മൃതികുടീരത്തിലേക്ക് എല്ലാ നിയുക്ത എംപിമാരും എത്തണമെന്ന് മോദി നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തുമണിയോടെ നിയുക്ത എംപിമാർ വാജ്പേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ഇവിടെ എത്തിച്ചേരും. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആറായിരത്തിലധികം അതിഥികളും ബിംസ്‍ടെക് രാജ്യത്തലവൻമാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കേരളത്തിൽ നിന്ന് ആരൊക്കെ?
കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്.