ദില്ലി: പഴുതടച്ചുള്ള മുന്നൊരുക്കത്തോടെയാണ് കശ്മീരിന്‍റെ സവിശേഷാധികാരങ്ങള്‍  കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്.   സൈനിക വിന്യാസത്തിലൂടെ ഒരുക്കം തുടങ്ങിയ സര്‍ക്കാര്‍ ഇന്നലെ അര്‍ധരാത്രിയില്‍ കശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പേ   നീക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും വ്യക്തമായ സൂചനകള്‍ അവസാന നിമിഷം വരെയും പുറത്തുവന്നതേയില്ല.

കശ്മീര്‍ താഴ്‍വരയിലേക്ക് പതിനായിരം അര്‍ധസൈനികരെ അധികം നിയോഗിച്ചായിരുന്നു സര്‍ക്കാര്‍ തന്ത്രം തുടങ്ങിയത്. പിന്നാലെ സൈനികരുടെ എണ്ണം  35,000 ആയി ഉയര്‍ത്തി. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സാധാരണ നടപടിയെന്നായിരുന്നു കേന്ദ്രത്തിന്‍റെ  വിശദീകരണം. 

സംസ്ഥാനത്തിന്‍റെ പ്രത്യേക അധികാരം എടുത്തുകളയാനുള്ള നീക്കമാണെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ വെള്ളിയാഴ്ച സുരക്ഷാ സേന സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചു. അമര്‍നാഥ് തീര്‍ഥാടനവഴിയില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയെന്നും തീവ്രവാദ ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി. അമര്‍നാഥ് യാത്ര റദ്ദാക്കിയതായി പ്രഖ്യപനവും വന്നു. 

ഇതിനു പിന്നാലെ തീര്‍ഥാടകരോടും വിനോദ സഞ്ചാരികളോടും കശ്മീര്‍ വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. താഴ്‍വരയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. ഭരണഘടനാപരമായ  പ്രത്യേക പദവി എടുത്തു കളയാന്‍ കേന്ദ്രം തയാറെടുക്കുന്നെന്ന് അഭ്യൂഹങ്ങളെത്തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രീനഗറില്‍ യോഗം ചേര്‍ന്നു. കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

അജിത് ഡോവലും അമിത്ഷായും ദില്ലിയില്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐബി, റോ മേധാവികളും കേന്ദ്ര ആഭ്യന്തരസെക്രട്ടറിയും ഒപ്പമുണ്ടായിരുന്നു. പിന്നാലെ, അര്‍ധരാത്രിയോടെ പ്രതിപക്ഷ നിരയിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കി. സംസ്ഥാനത്ത് മൊബൈല്‍, ഇന്‍റര്‍നെറ്റ്, ബ്രോഡ്ബാന്‍റ് ബന്ധങ്ങള്‍ വിഛേദിച്ചു. കശ്മീര്‍ താഴ്വരയിലുള്‍പ്പടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും  അജിത് ഡോവലിനുമല്ലാതെ മറ്റാര്‍ക്കും വരാന്‍ പോകുന്ന വലിയ തീരുമാനത്തെക്കുറിച്ച്  വ്യക്തതയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തര മന്ത്രിസഭാ യോഗം നടക്കുമെന്ന അറിയിപ്പുണ്ടായതോടെ വരാനുള്ളത് സുപ്രധാന തീരുമാനമെന്ന് ഉറപ്പായി.    പിന്നെ രാജ്യത്തെയൊന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍. ഒടുവില്‍, പാര്‍ലമെന്‍റിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷാ ആ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചതോടെ ദിവസങ്ങള്‍ നീണ്ട നാടകീയനീക്കങ്ങള്‍ക്ക് പരിസമാപ്തി.