ധനസഹായം വിതരണം ചെയ്തു.ഭാവി ജീവിതത്തിലും സഹായമായി പിഎം കെയർ ഫണ്ട് ഉപയോഗിക്കും.ഉന്നത വിദ്യാഭ്യാസത്തിന് ലോൺ നൽകും, മാസം 4000 രൂപ വീതം സഹായവും നൽകും 

ദില്ലി: കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു പ്രശ്നമായി മാറിയില്ല, മറിച്ച് ലോകത്തിന് ആശ്വാസമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏറ്റവും പ്രതിസന്ധി കാലത്തും ആത്മവിശ്വാസം അർപ്പിച്ചാല്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയും. അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യം. കൊവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പിഎം കെയര്‍ഫണ്ടില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്തു. ഇവരുടെ ഭാവി ജീവിതത്തിലും സഹായമായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ലോൺ നൽകും, മാസം 4000 രൂപ വീതം ദൈനംദിന ആവശ്യങ്ങൾക്കും നൽകും.

കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കും സഹായം 

Scroll to load tweet…

കഴിഞ്ഞ വർഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്ക് സഹായം ലഭിക്കും. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ലഭിക്കും. 

'രാജ്യം കൈവരിച്ച നേട്ടങ്ങൾ നേരത്തെ ആരും സ്വപ്നം പോലും കാണാത്തത് '

കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ നേരത്തെ ആരും സ്വപ്നം പോലും കാണാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോകത്തിന് മുന്നിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർന്നു , ലോക വേദികളിൽ ഇന്ത്യ ശക്തമായ സാന്നിധ്യമായി .യുവാക്കളാണ് ഇന്ത്യയെ നയിക്കുന്നത്.സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിച്ചു .പാവങ്ങൾക്കും നീതി ഉറപ്പാക്കി .സര്‍ക്കാര്‍ സേവനങ്ങൾ തങ്ങൾക്കും ലഭിക്കുമെന്ന് ഇന്ന് സാധാരണക്കാർക്ക് ഉറപ്പുണ്ട്.2014 മുൻപേ അഴിമതി, പക്ഷപാതം, തീവ്ര സംഘടനകളുടെ വ്യാപനം , വിവേചനം എന്നിവയുടെ പിടിയിൽ പെട്ട രാജ്യത്തെ മോചിപ്പിക്കുകയാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു