ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന 21 ദിവസത്തെ ലോക്ക് ഡൗൺ മെയ് 3 വരെ ദീർഘിപ്പിച്ചതായി പ്രഖ്യാപിച്ച് മിനിറ്റുകൾക്ക് ശേഷം ട്വിറ്ററിലെ പ്രൊഫൈൽ ഫോട്ടോ മാറ്റി പ്രധാനമന്ത്രി. വായും മൂക്കും മറച്ച പുതിയ ഫോട്ടോയാണ് പ്രൊഫൈൽ ചിത്രമാക്കി മാറ്റിയിരിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി വായും മൂക്കും മറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നാണ് ഈ ഫോട്ടോ കൊണ്ട് ലക്ഷ്യമാക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയപ്പോഴും പ്രധാനമന്ത്രി മൂക്കും വായും മൂടിയാണ് എത്തിയത്. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിം​ഗ് നടത്താൻ എത്തിയപ്പോൾ അദ്ദേഹം വെള്ള മാസ്ക് ധരിച്ചിരുന്നു. വീട്ടിൽ തന്നെ മാസ്ക് നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ആവർത്തിച്ചു. മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയതായും നിയമങ്ങൾ എല്ലാം ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 10363 പേരാണ് ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. 1035 പേർ രോ​ഗമുക്തി നേടുകയും 339 പേർ മരിക്കുകയും ചെയ്തു.