ദില്ലി: ഹരിയാനയിൽ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മനോഹർ ലാൽ ഖട്ടറെയും ഉപമുഖ്യമന്ത്രിയായി അധികാരത്തിലേറിയ ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അഭിനന്ദനവുമായി മോദി രം​ഗത്തത്തിയത്.

'ഹരിയാനയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്ത മനോഹർ ലാൽ ഖട്ടർ ജിയെയും ദുഷ്യന്ത് ചൗട്ടാലയെയും അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ആ​ഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read Also: ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ തന്നെ മുഖ്യമന്ത്രി, ദീപാവലി ദിവസം രണ്ടാമൂഴത്തിലേക്ക്

കഴിഞ്ഞ ദിവസമാണ്  മനോഹർ ലാൽ ഖട്ടറും  ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തത്.  ഗവർണർ സത്യദേവ് നാരായണൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ‌90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആറംഗങ്ങളുടെ കുറവുണ്ടായിട്ടും ജെജെപിയെയും സ്വതന്ത്രന്മാരെയും ഒപ്പം നിർത്തി ബിജെപി ഭരണത്തുടർച്ച ഉറപ്പിക്കുകയായിരുന്നു. 

ദുഷ്യന്തിന്റെ പിതാവ് അജയ് സിങ് ചൗട്ടാലയും മറ്റു കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. അഴിമതിക്കേസിൽ തിഹാർ ജയിലിലായിരുന്നു അജയ് ചൗട്ടാല. ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ നല്ല നടപ്പിന്റെ പേരിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയായിരുന്നു.