ദില്ലി: രാജ്യത്തെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ മാർ​ഗനിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി മോദി. ഫലപ്രദമായ പരിശോധന, കണ്ടെത്തൽ, ചികിത്സ, നിരീക്ഷണം എന്നിവയിലൂടെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പരിശോധനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ദുരീകരിക്കാൻ വ്യക്തമായ ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മോദി പറഞ്ഞു. 

'പരിശോധനയെക്കുറിച്ച് വ്യക്തമായ സന്ദേശങ്ങൾ കൈമാറേണ്ടത് അത്യാവശ്യമാണ്. കാരണം ഇപ്പോഴത്തെ കൊവിഡ് രോ​ഗികളിൽ മിക്കവർക്കും ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇത്തരം സന്ദർഭങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ ഇടയുണ്ട്. പരിശോധന മോശമാണെന്ന ചിന്ത ആളുകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. രോ​ഗബാധയുടെ ​ഗുരുതരാവസ്ഥ മനസ്സിലാക്കാതെ ചിലരെങ്കിലും പെരുമാറുന്നുണ്ട്.' മോദി പറഞ്ഞു. 

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ദില്ലി, പഞ്ചാബ്, കർണ്ണാടക, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോ​ഗ്യമന്ത്രിമാരുമായിട്ടാണ് കൊവിഡ് സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനുള്ള വിർച്വൽ മീറ്റിം​ഗ് നടത്തിയത്. രാജ്യത്തെ സജീവമായ കേസുകളിൽ  ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളിലാണ്.