ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ദില്ലിയിലെ ഷഹീൻബാ​ഗിൽ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ഘടനാപരമായ മാതൃക ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദ​ഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാ​ഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. 

“ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ സർക്കാർ തയ്യാറാണ്, പക്ഷേ അത് ഘടനാപരമായ രൂപത്തിലായിരിക്കണം. അവരുമായി ആശയവിനിമയം നടത്താനും പൗരത്വ നിയമ ഭേ​ഗദതിയെക്കുറിച്ചുള്ള അവരുടെ എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോദി സർക്കാർ തയ്യാറാണ്,” രവിശങ്കർ‌ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.  താൻ പങ്കെടുത്ത ഒരു ടിവി ചർച്ചയുടെ ലിങ്കും മന്ത്രി പങ്കുവച്ചിട്ടുണ്ട്. ചർച്ചയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട ഒരാൾ മന്ത്രിയോട് ചോദിക്കുന്നുണ്ട്, എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കാത്തത് എന്ന്. ഇത് മറുപടി നൽകിയിരിക്കുകയാണ് മന്ത്രി.  

 സി‌എ‌എ തിരിച്ചെടുക്കുന്നതുവരെ സംഭാഷണമുണ്ടാകില്ലെന്ന് ചിലർ ടെലിവിഷനിൽ പറയുന്നത് ശ്രദ്ധയിൽ പെട്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഷഹീൻബാ​ഗിലെത്തി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി പറഞ്ഞു. കാരണം അവിടെ എത്തുമ്പോൾ ആരെങ്കിലും മോശമായി പെരുമാറിയാൽ എന്തു ചെയ്യാൻ സാധിക്കുമെന്നാണ് മന്ത്രിയുടെ മറുചോദ്യം.