ജോ ബൈഡനും കമല ഹാരിസും അമേരിക്കയെ നയിക്കാൻ തയ്യാറെടുക്കുമ്പോൾ നരേന്ദ്ര മോദി സർക്കാരിൽ പ്രതീക്ഷയും ആശങ്കയും ഒരു പോലെ പ്രകടമാകുകയാണ്. വൈസ് പ്രസിഡൻ്റായിരിക്കേ സ്വീകരിച്ച ഇന്ത്യ അനുകൂല നിലപാട് ബൈഡൻ തിരുത്തില്ലെന്ന് ദില്ലി കരുതുന്നു. എന്നാൽ പൗരത്വനിയമഭേദഗതി ഉൾപ്പടെയുള്ള ആഭ്യന്തരവിഷയങ്ങളിൽ ട്രംപിനെക്കാൾ കർക്കശനിലപാട് ബൈഡൻ ഭരണകൂടം സ്വീകരിച്ചേക്കാൻ സാധ്യതയുണ്ട്. 
 
കഴിഞ്ഞ വർഷം ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ ആബ് കീ ബാ‍ർ ട്രംപ് സ‍ർക്കാ‍ർ എന്നു പറഞ്ഞു കൊണ്ട് ട്രംപിന് വേണ്ടി മോദി വോട്ട് തേടിയിരുന്നു. അമേരിക്കയിലെ അഭ്യന്തര രാഷ്ട്രീയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പക്ഷം പിടിക്കുന്നതിനെതിരെ പ്രതിപക്ഷപാ‍ർട്ടികൾ അന്നു രൂക്ഷവിമ‍ർശനം ഉയ‍ർത്തിയെങ്കിലും ട്രംപും മോദിയുമായുള്ള അടുത്ത ബന്ധത്തിൻ്റെ ‍വ‍ർണപ്പക്കിട്ടിൽ ആ വിമ‍ർശനങ്ങളൊന്നും വലിയ ച‍ർച്ചയായില്ല. 
 
എന്നാൽ ചരിത്രത്തിലെ ഏറ്റവും മികച്ച വോട്ടുവിഹിതവുമായി ജോ ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തിയതോടെ ആ പഴയ വാക്കുകളെല്ലാം ഇനി നരേന്ദ്രമോദിക്ക് മറക്കാം. മഹാമാരിക്കു മുമ്പ് ട്രംപിന് അനുകൂലമായിരുന്ന സാഹചര്യമാണ് നമസ്തെ ട്രംപ് എന്ന പേരിൽ വലിയൊരു സ്വീകരണ പരിപാടി ഇന്ത്യയിൽ സംഘടിപ്പിക്കാൻ മോദിയെ പ്രേരിപ്പിച്ചത്. ഇനിയിപ്പോൾ ജോ ബൈഡനുമായി നല്ല ബന്ധമുണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഇനി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത്. 

തെരഞ്ഞെടുപ്പിൽ വിജയിച്ച ജോബൈഡനുള്ള അഭിനന്ദന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞതു പോലെ ബരാക് ഒബാമ സ‍ർക്കാരിൽ വൈസ് പ്രസിഡൻ്റായിരിക്കേ സ്വീകരിച്ച ഇന്ത്യ അനുകൂല നിലപാട് ബൈ‍ഡൻ ഇനിയും തുടരുമെന്നാണ് ഇന്ത്യൻ നയതന്ത്ര വിദ​ഗ്ദ്ധരുടെ പ്രതീക്ഷ.

അമേരിക്ക ഏറ്റവും അടുത്ത ബന്ധമുണ്ടാക്കേണ്ട രാജ്യം ഇന്ത്യയാണെന്ന് ബൈഡൻ മുമ്പ് വ്യക്തമാക്കിയിരുന്നു. ചരിത്ര പ്രസിദ്ധമായ ഇന്ത്യ - അമേരിക്ക ആണവകരാറുമായി മുന്നോട്ടു പോകാൻ ബരാക്ക് ഒബാമയെ പ്രേരിപ്പിച്ചതും ബൈഡനായിരുന്നു.

ബൈഡൻ വൈസ് പ്രസിഡൻറായിരിക്കെയാണ് യുഎസ് സൈന്യം പാകിസ്ഥാനിൽ കടന്ന് ഒസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷൻ നടത്തിയത്. ഇങ്ങനെ മുൻകാല ചരിത്രം പരിശോധിച്ചാൽ ബൈഡൻ വന്നാലും ഇന്ത്യ അമേരിക്ക ബന്ധത്തിൽ വലിയ ഉലച്ചിൽ ദില്ലി പ്രതീക്ഷിക്കുന്നില്ല. എന്നാൽ പോലും പാകിസ്ഥാനോടും ചൈനയോടും ബൈഡൻ്റെ നിലപാട് എന്താണെന്ന് വ്യക്തമാകേണ്ടതുണ്ട്.

ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോഴും പൗരത്വനിയമഭേദഗതി പാസാക്കിയപ്പോഴും ട്രംപ് ഭരണകൂടത്തിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നില്ല. എന്നാൽ ഡമോക്രാറ്റിക് ഭരണത്തിൽ ഇതേ നിലപാട് പ്രതീക്ഷിക്കേണ്ടതില്ലെന്ന തിരിച്ചറിവ് മോദി സ‍ർക്കാരിനുണ്ട്.

ട്രംപിന് മോദി പരസ്യപിന്തുണ നല്കിയത് വൻ വീഴ്ചയായെന്ന് വാദിക്കാൻ എതിരാളികൾക്ക് ഇതൊരു അവസരമാകും. അതോടൊപ്പം ലോകരാജ്യങ്ങൾ പൊതുവിൽ തീവ്ര വലതുപക്ഷത്തേക്ക് മാത്രം നീങ്ങുന്ന പ്രവണതയിൽ നിന്നൊരു വഴിമാറ്റമായി ട്രംപിൻ്റെ പരാജയം ഇന്ത്യയിലെ പ്രതിപക്ഷ പാ‍ർട്ടികൾ നോക്കി കാണുന്നു.