ദില്ലി: പ്രിയങ്കാ ഗാന്ധിയോട് ദില്ലിയിലെ സര്‍ക്കാര്‍ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടതില്‍ വിവാദം പുകയുന്നു. നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വത്തോട് മോദി സര്‍ക്കാറിന് പകയും വെറുപ്പുമാണെന്നും പ്രിയങ്കാ ഗാന്ധി ഇത്തരം നോട്ടീസുകളെ ഭയപ്പെടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള മോദി സര്‍ക്കാറിന്റെ പകയും വെറുപ്പും എല്ലാവര്‍ക്കും അറിയാം. പ്രിയങ്കാ ഗാന്ധിയോട് വസതി ഒഴിയാനുള്ള നോട്ടീസ് നല്‍കിയത് നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും ആശങ്കയുടെ ഉദാഹരണമാണ്. നിരാശപൂണ്ട സര്‍ക്കാറിന്റെ ഇത്തരം തരംതാണ നടപടികള്‍ക്കു മുന്നില്‍ ഭയപ്പെടില്ല.-സുര്‍ജേവാല വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

ബുധനാഴ്ചയാണ് കേന്ദ്രനഗരകാര്യ മന്ത്രാലയം പ്രിയങ്കാ ഗാന്ധിയോട് വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഒരുമാസത്തിനുള്ളില്‍ വസതി ഒഴിയാനാണ് ആവശ്യപ്പെട്ടത്. എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. യുപി സര്‍ക്കാറിന്റെ ഭരണപരാജയം പുറത്തുകൊണ്ടുവരുന്നതിന്റെ അമര്‍ഷമാണ് പ്രിയങ്കാഗാന്ധിയോട് പ്രകടിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

ലോധി എസ്‌റ്റേറ്റിലെ 35ാം നമ്പര്‍ വസതിയായിരുന്നു പ്രിയങ്കക്ക് അനുവദിച്ചിരുന്നത്. ഒഴിയാന്‍ ആവശ്യപ്പെട്ട കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെ പ്രിയങ്കാ ഗാന്ധി കുടിശ്ശികയിനത്തില്‍ നല്‍കാനുണ്ടായിരുന്ന 3,46,677 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി അടച്ചു. ദില്ലിയിലെ വസതി പ്രിയങ്ക ഒഴിയുമെന്നും ലഖ്‌നൗവിലേക്ക് താമസം മാറുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.