കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പശ്ചിമ ബംഗാള്‍, അസം സന്ദര്‍ശനം ഇന്ന്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാര്‍ഷിക ദിനമായി ആചരിക്കുന്ന പരാക്രം ദിവസായ ഇന്ന്  കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍  നടക്കുന്ന അനുസ്മരണ പരിപാടിയില്‍മോദി പങ്കെടുക്കും. തുടര്‍ന്ന് അത്യാധുനികസൗകര്യങ്ങളോടെ നിര്‍മ്മിച്ച എക്സിബിഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യും. അസമിലെ ശിവസാഗര്‍ ജില്ലയില്‍ 1.06 ലക്ഷം പേര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന പരിപാടിയിലും മോദി പങ്കെടുക്കും.

അതേസമയം ബംഗാളിൽ ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. അമിത്ഷാക്ക് പിന്നാലെ മോദിയും എല്ലാ മാസവും പശ്ചിമബംഗാള്‍ സന്ദര്‍ശിക്കാനുള്ള തീരുമാനത്തിലാണെന്നാണ് വ്യക്തമാകുന്നത്. മുന്‍ മന്ത്രി സുവേന്ദു അധികാരിയടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗമെത്തിയത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. അസം നിലനിര്‍ത്താനുള്ള പ്രചാരണ പരിപാടികള്‍ക്കും പ്രധാനമന്ത്രിയും അമിത്ഷായും തന്നെയാണ് ചുക്കാന്‍ പിടിക്കുന്നത്.