ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കണം
ദില്ലി: അമിത വണ്ണം നിയന്ത്രിക്കാനും ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് മോഹൻലാൽ അടക്കം പത്തു പേരെ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരെ അവബോധം ഉണ്ടാക്കേണ്ടത് ജനങ്ങളുടെ ആരോഗ്യം നിലനിറുത്താൻ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഇന്നലെ മൻ കി ബാത്ത് പരിപാടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എട്ടിൽ ഒരാൾ അമിത വണ്ണം കാരണമുള്ള ആരോഗ്യപ്രശ്നം നേരിടുകയാണെന്നും കൗമാരക്കാരിൽ അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞിരുന്നു.
മോഹൻ ലാലിന് പുറമെ, ആർ മാധവൻ, ശ്രേയ ഘോഷാൽ, സുധ മൂർത്തി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ഗുള്ള, മനു ഭാക്കർ, മീരാഭായി ചാനു തുടങ്ങിയവരും ഈ പ്രചാരണം ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ രംഗത്തെ ഈ നീക്കത്തിൽ തന്നെയും പങ്കാളിയാക്കിയതിന് നന്ദി അറിയിക്കുന്നു എന്ന് ഒമർ അബ്ഗുള്ള പ്രതികരിച്ചു.
