പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ആളുകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നതായിട്ടാണ് മോദിയുടെ സോഷ്യൽ മീഡിയ പ്രതികരണം.

ദില്ലി: നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാകുമ്പോള്‍ നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തള്ളിയ പ്രതിപക്ഷം മന്ത്രി രാജിയാവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ പരസ്പരം മുദ്രാവാക്യം വിളിച്ച് ഭരണ പ്രതിപക്ഷ എംപിമാര്‍ കൊമ്പുകോര്‍ത്തു. മന്ത്രിയുടെ രാജിയെ ചൊല്ലി തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു. 

പാര്‍ലമെന്‍റിലും പുറത്തും പ്രതിഷേധം ശക്തമാകുമ്പോഴാണ് തണുപ്പിക്കാന്‍ പ്രധാനമന്ത്രി നേരിട്ടിറങ്ങിയത്. സമൂഹമാധ്യമത്തിലൂടെ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി പരസ്യമാക്കി.കുറ്റക്കാര്‍ക്ക് ശിക്ഷയുറപ്പിക്കാനുള്ള നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പ്രധാനമന്ത്രി അറിയിച്ചു.യുവരോഷം ശക്തമാകുമ്പോള്‍ രാജ്യത്തെ യുവാക്കളെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുമെന്നും മോദി വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രി നിലപാടറിയിച്ച് നിമിഷങ്ങള്‍ക്കകം പ്രതിപക്ഷം അത് തള്ളി. ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജി തന്നെയാണ് ആവശ്യമെന്നും, അല്ലാതെയുള്ള ഒരു നിലപാടും അംഗീകരിക്കില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഈയാവശ്യത്തില്‍ ഇന്നും ഇളകി മറിഞ്ഞു.