ആന്ധ്രാപ്രദേശിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പസാല കൃഷ്ണ മൂർത്തിയുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. 

ദില്ലി: ആന്ധ്രാപ്രദേശിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പസാല കൃഷ്ണ മൂർത്തിയുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. പസാല കൃഷ്ണമൂർത്തിയുടെ മകൾ പസാല കൃഷ്ണ ഭാരതിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അവരുടെ കാല്‍ തൊട്ട് പ്രധാനമന്ത്രി അനുഗ്രഹം തേടി. സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വര്‍ഷം നീളുന്ന 125-ാം ജന്മവാര്‍ഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീമാവരത്ത് ഉദ്ഘാടനം ചെയ്തു. അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പ്രസംഗത്തിന് ശേഷമാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യസമരസേനാനി കൃഷ്ണമൂര്‍ത്തിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്.

1897 ജൂലൈ 4 ന് ജനിച്ച അല്ലൂരി സീതാരാമ രാജു, പശ്ചിമഘട്ട മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ പേരിലാണു സ്മരിക്കപ്പെടുന്നത്. 1922ല്‍ ആരംഭിച്ച റമ്പാ കലാപത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. നാട്ടുകാര്‍ അദ്ദേഹത്തെ 'മന്യം വീരുഡു' (കാടുകളുടെ നായകന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ഗവണ്മെന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിജയനഗരം ജില്ലയിലെ പാന്‍ഡ്രാങ്കിയിലുള്ള അല്ലൂരി സീതാരാമ രാജുവിന്റെ ജന്മസ്ഥലവും ചിന്താപ്പള്ളി പൊലീസ് സ്റ്റേഷനും ( ഈ പൊലീസ് സ്റ്റേഷന്‍ ആക്രമണമാണ് റമ്പ കലാപത്തിന് തുടക്കം കുറിച്ചത്) റമ്പ കലാപത്തിന്റെ 100 വര്‍ഷത്തോടനുബന്ധിച്ച് പുനഃസ്ഥാപിക്കും. ധ്യാനഭാവത്തില്‍ അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമയുള്ള മൊഗല്ലുവില്‍ മ്യൂറല്‍ പെയിന്റിംഗുകളിലൂടെയും സംവേദനാത്മക സംവിധാനത്തിലൂടെയും സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതകഥ ചിത്രീകരിക്കുന്ന അല്ലൂരി ധ്യാന മന്ദിര്‍ നിര്‍മ്മിക്കുന്നതിനും ഗവണ്‍മെന്റ് അംഗീകാരം നല്‍കി.